SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.19 AM IST

കാട്ടുപന്നി ഭീതിയിൽ മൂന്ന് ജില്ലകൾ

kattu

ആലപ്പുഴ: കൃഷിക്കും മനുഷ്യജീവനും ഭീഷണിയായി ആലപ്പുഴ ഉൾപ്പടെയുള്ള മൂന്നുജില്ലകളിൽ കാട്ടുപന്നി ആക്രമണം രൂക്ഷം. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായത്. ആലപ്പുഴ ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം, ചാരുംമൂട്, ഭരണിക്കാവ്, ചുനക്കര, തെക്കേക്കര, കുറത്തികാട് പ്രദേശങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായത്. 2018ലെ പ്രളയത്തിന് ശേഷമാണ് കിഴക്കൻ മേഖലകളിൽ കാട്ടുപന്നികൾ എത്തിയത്. വർഷത്തിൽ രണ്ടുതവണ പ്രജനനം നടത്തുന്ന ഇവ,​ ഓരോ തവണയും ഒരു ഡസനോളം കുഞ്ഞുങ്ങളെയാണ് പെറ്റുകൂട്ടുന്നത്.

ഭക്ഷണാവശിഷ്ടങ്ങളും കാർഷിക ഉൽപ്പന്നങ്ങളും സുലഭമായതോടെ ആളൊഴിഞ്ഞതും കാട് മൂടിയതുമായ സ്ഥലങ്ങൾ ഇവ താവളമാക്കി. എന്നാൽ,​ ഇപ്പോൾ തീരദേശ മേഖലയിൽ വരെയെത്തിയ സ്ഥിതിയാണ്.

കാട്ടുപന്നി ശല്യം കാരണം ജില്ലയിൽ കാർഷിക ഉൽപ്പാദനം പകുതിയിലേറെയായി കുറഞ്ഞു. കിഴക്കൻ മേഖലകളിൽ ഓണം ലക്ഷ്യമാക്കി കൃഷിചെയ്ത വാഴ, കപ്പ, പച്ചക്കറി വർഗങ്ങൾ തുടങ്ങിയവയും വെറ്റില കൃഷിയും വ്യാപകമായി നശിപ്പിച്ചിരിക്കുകയാണ്.

കാട്ടുപന്നികളെ തുരത്താൻ,​ റൈഫിൾ ലൈസൻസുള്ള ഷൂട്ടർമാരുടെ അഭാവവും കനത്തമഴയുൾപ്പെടെ പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായിരിക്കുകയാണ്. കാട്ടിൽ കാണപ്പെടുന്നതിന്റെ ഇരട്ടിയിലേറെ വലിപ്പമുള്ള ഇവ ഷൂട്ടർമാർക്ക് പോലും വെല്ലുവിളിയാണ്.

25 പഞ്ചായത്ത്,​ രണ്ട് ഷൂട്ടർമാർ

1.മനുഷ്യജീവന് ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതിയുണ്ടെങ്കിലും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ കാട്ടുപന്നി ശല്യം രൂക്ഷമായ 25 പഞ്ചായത്തുകളിലേക്ക് രണ്ട് ഷൂട്ടർമാരാണുള്ളത്

2. പന്നികൾ പെറ്റുപെരുകി മലയോരഗ്രാമങ്ങളിൽ നിന്ന് തീരദേശം വരെ വ്യാപിച്ചതോടെ ഇവർക്ക് വിശ്രമമില്ലാതായി. ആലപ്പുഴ ജില്ലയിൽ ദിലീപ് കോശി, ശ്രീജിത്ത് എന്നിവരെയാണ് ജില്ലാ കളക്ടർ ഷൂട്ടർമാരായി നിയോഗിച്ചിട്ടുള്ളത്

3. ഒരുപന്നിയെ വെടിവയ്ക്കുന്നതിന് 1500 രൂപയാണ് പ്രതിഫലം. സംസ്കരിക്കാൻ 1000 രൂപയുമുൾപ്പെടെ 2500 രൂപയായിരുന്നു പഞ്ചായത്തുകൾ അനുവദിച്ചിരുന്നത്. അടുത്തിടെ 1000 രൂപ വർദ്ധിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം നടപ്പായില്ല

4. ഒരേസമയം രണ്ട് തിരകൾ ഉപയോഗിക്കാവുന്നതും കല്ലെറിയുന്ന ദൂരം മാത്രം പ്രഹരശേഷിയുള്ളതുമായ ഷോർട്ട് ഗണ്ണാണ് ഷൂട്ടർമാരുടെ പക്കലുള്ളത്.ചിലപ്പോൾ നാലും അഞ്ചും തവണ വെടിയുതിർത്താലേവീഴ്ത്താനാകൂ. ഒരു കാർട്രിഡ്ജിന് 300 രൂപ വരെ വിലയുണ്ട്

5. അരക്കിലോമീറ്റർ വരെ റേഞ്ചുള്ളതും പ്രഹരശേഷിയേറിയതും ഒരേ സമയം നിരവധിതിരകൾ ഉപയോഗിക്കാൻ കഴിയുന്നതുമായ റൈഫിളുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് കാട്ടി ഷൂട്ടർമാർ കളക്ടർമാർക്ക് നിവേദനം നൽകിയെങ്കിലും തീരുമാനമായില്ല

1500 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. 2000 രൂപ ജഢം മറവുചെയ്യാനുള്ളതാണ്. വാഹനക്കൂലിയും തോക്കുമെയിന്റനൻസും തിരയുടെ വിലയും കണക്കാക്കിയാൽ മിച്ചമൊന്നുമില്ല. സേവനം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.

- ദിലീപ് കോശി , ഷൂട്ടർ

കാട്ടുപന്നി ഷൂട്ടർമാരുടെ പ്രതിഫലം 3500 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത പഞ്ചായത്ത് കമ്മിറ്റിക്ക് ശേഷം പണം കൈമാറും

-സെക്രട്ടറി, വളളികുന്നം ഗ്രാമപഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL