SignIn
Kerala Kaumudi Online
Friday, 05 June 2026 2.40 AM IST

ട്രോളിംഗ് നിരോധനത്തിന് മുമ്പേ കുതിച്ചുയർന്ന് മത്സ്യവില

fish

ആലപ്പുഴ: ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പു തന്നെ മീൻ വില കുതിക്കുന്നു. മത്തി അടക്കമുള്ളവയ്ക്ക് വലിയ വിലയാണിപ്പോൾ. 12 വർഷങ്ങൾക്ക് ശേഷം വലിയ മത്തി കേരളാ തീരത്ത് നിന്ന് ലഭിച്ചുതുടങ്ങിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രണ്ടാഴ്ച മുമ്പ് 200 രൂപയുണ്ടായിരുന്ന മത്തിക്ക് 380 രൂപയാണിപ്പോൾ. കിലോയ്ക്ക് 40 മുതൽ 50 രൂപവരെയാണ് മറ്റ് മീനുകൾക്കുണ്ടായ വിലവർദ്ധന. അയലയ്ക്ക് 340 മുതൽ 380 രൂപ വരെ കിലോയ്ക്ക് വിലയുണ്ട്. വലുപ്പത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും.
അതേസമയം,​ മണ്ണെണ്ണ വില വർദ്ധന, മത്സ്യക്ഷാമം, മത്സ്യബന്ധ ഉപകരണങ്ങൾ നശിക്കുക എന്നിവ കാരണം ആകെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. കടംവാങ്ങി വള്ളമിറക്കിയാൽ ആകെ ലഭിക്കുന്നത് ആകെ 300 രൂപ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു വള്ളമിറക്കുമ്പോൾ 30,​000 രൂപയാണ് ചെലവാകുന്നത്. ലഭിക്കുന്നത് ആകെ 40,​000 രൂപയും മാത്രം. വള്ളമിറക്കിയാൽ പലപ്പോഴും ഡോൾഫിൻ കടൽമാക്രി എന്നിവയുടെ ശല്യംകാരണം വലകൾ കീറുന്നതും പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്ത് 1630 ഇൻബോർഡ് വള്ളങ്ങളും 600 ഓളം ഔട്ട്ബോർഡ് വള്ളങ്ങളുമാണുള്ളത്. ഓരോ വള്ളത്തിലും 50ഓളം തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്.

സംസ്ഥാനത്ത്

വള്ളങ്ങൾ

ഇൻബോർഡ് :1630

ഔട്ട്ബോർഡ് : 600

ഇന്ധനവില വർദ്ധന തിരിച്ചടി

1. മത്സ്യലഭ്യത കുറഞ്ഞതും തൊഴിലാളി ക്ഷാമവും ഇന്ധനച്ചെലവിന്റെ വർദ്ധനയുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളായി മത്സ്യത്തൊഴിലാളികളും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നത്. ഡീസൽ വില ഉയർന്നതിനെത്തുടർന്ന് പ്രവർത്തനച്ചെലവ് കുത്തനെ വർദ്ധിച്ചതും ബോട്ടുടമകൾക്ക് തിരിച്ചടിയായി

2. കാലാവസ്ഥാ വ്യതിയാനവും കടലിൽ മത്സ്യം കുറയുന്നതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. മുന്നറിയിപ്പുകൾ കാരണം കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതോടെ മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം കുറഞ്ഞു

3. ലിറ്ററിന് 103 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 165 രൂപയിലെത്തി നിൽക്കുകയാണ്. ഒരു വള്ളത്തിന് ലഭിക്കുന്നത് മാസത്തിൽ 129-179 ലിറ്റർ മണ്ണെണ്ണമാത്രമാണ്. എന്നാൽ,​ ഒരുദിവസം ശരാശരി വേണ്ടത് 300 ലിറ്റർ മണ്ണെണ്ണയാണ്

മത്സ്യക്ഷാമം, മണ്ണെണ്ണ വില വർദ്ധന, മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്നത് തുടങ്ങിയവ കാരണം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്. മേഖലയുടെ പുരോഗതിക്ക് സർക്കാരുകൾ നടപടി യെടുക്കണം

-ചാൾസ് ജോർജ്, സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL