SignIn
Kerala Kaumudi Online
Thursday, 04 June 2026 11.55 PM IST

പുഞ്ചനെല്ലിന്റെ പണത്തിന് മാസങ്ങളുടെ കാത്തിരിപ്പ്

ambala

അമ്പലപ്പുഴ: പുഞ്ചനെല്ല് സംഭരിച്ച് മാസങ്ങളായിട്ടും പണത്തിനായുള്ള കർഷകരുടെ കാത്തിരിപ്പ് നീളുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് കൃഷിഭവന് കീഴിലുള്ള പാര്യക്കാട് പാടശേഖരത്തെ 60 ഓളം കർഷകരാണ് നെൽ വിലയ്ക്കായി കാത്തിരിക്കുന്നത്. മാർച്ച് പകുതിയോടെയാണ് 90 ഏക്കറുള്ള ഈ പാടശേഖരത്തിൽ നിന്ന് പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ചത്. പിന്നീട് മേയ് 10 ഓടെ ബാങ്കുകൾ കർഷകർക്ക് പി.ആർ.എസ് നൽകി. എന്നാൽ അന്നുമുതൽ കർഷകർ പണത്തിനായി കയറിയിറങ്ങുകയാണ്.

2000 രൂപ മണിക്കൂറിന് യന്ത്രവാടക നൽകിയാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. ഇതുൾപ്പെടെ പുഞ്ചകൃഷിക്ക് കർഷകർ ചെലവാക്കിയ പണം കടമാണ്. സ്വർണം പണയം വച്ചും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പലിശക്ക് പണമെടുത്തുമാണ് പല കർഷകരും കൃഷിക്കിയത്.

ജൂൺ പകുതിയോടെ രണ്ടാം കൃഷി ആരംഭിക്കേണ്ടതുണ്ട്. ഇതിന് മുമ്പായി മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് നിലമൊരുക്കുന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതെല്ലാം നെല്ലിന്റെ പണം ലഭിച്ചാലേ തുടങ്ങാനാകൂ എന്നാണ് കർഷകർ പറയുന്നത്.

കുട്ടികളെ സ്ക്കൂളിലയ്‌ക്കാൻ
പോലും നിവൃത്തിയില്ല

കുട്ടനാട്: പുഞ്ചനെല്ലിന്റെ സംഭരണവില മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെ,​ പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ സ്ക്കൂളിലയ്‌ക്കാൻ പോലും പണമില്ലാതെ നെട്ടോട്ടത്തിലാണ് കുട്ടനാട്ടിലെ കർഷകർ. പി.ആർ.എസിനൊപ്പം ഭാര്യയുടെ കെട്ടുതാലിയും കൂടി കൈയിൽ കരുതിയാണ് ഇവരിൽ പലരും നെല്ലുവില എന്ന് ലഭിക്കുമെന്നറിയാൻ ബാങ്കിൽ കയറിയിറങ്ങുന്നത്.

കർഷകനെ സംബന്ധിച്ചിടത്തോളം മുൻകാലങ്ങളിൽ ഇത്തരം ചെലവുകളെല്ലാം നിറവേറ്റിയിരുന്നത് പുഞ്ചകൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു. എന്നാൽ,​ ഇത്തവണ അതും നടക്കാതെയായി. ഒന്നോ,​ രണ്ടോ എക്കർ മാത്രമുള്ള ചെറുകിട കർഷകൻ പോലും പതിനായിരക്കണക്കിന് രൂപയാണ് സംഭരണവിലയായി ലഭിക്കാനുള്ളത്. കർഷകരുടെ ഇനിയുള്ള പ്രതീക്ഷ പുതിയ സർക്കാരിലാണ്. നിലവിലെ സ്ഥിതിക്ക് മാറ്റം ഉണ്ടാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL