ആലപ്പുഴ: കുട്ടനാടിന്റെ അമൂല്യമായ കാർഷിക, സാംസ്കാരിക പൈതൃകത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി തുടങ്ങി. നാടിന്റെ സവിശേഷമായ ഭൂപ്രകൃതിയും കൃഷി രീതിയും വെള്ളപ്പൊക്ക നിവാരണത്തിലെ എൻജിനിയറിംഗ് വൈദഗ്ധ്യം തുടങ്ങിയ വിസ്മയങ്ങൾ കണക്കിലെടുത്ത് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിലാണ് ശ്രമങ്ങൾ നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലതും പഴക്കമുള്ളതും സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന നിലയിൽ കൃഷി ചെയ്യുന്ന ഭൂപ്രദേശം, തദ്ദേശീയ എൻജിനിയറിംഗ് സാങ്കേതിക വിദ്യകളിലൂടെ തണ്ണീർത്തടങ്ങൾ വീണ്ടെടുത്ത് കൃഷി ചെയ്യൽ, മനുഷ്യവാസവും ജല ആവാസവ്യവസ്ഥയും തമ്മിലുള്ള സുസ്ഥിര സഹവർത്തിത്വം, തലമുറകളിലൂടെ കൈമാറിക്കിട്ടിയ കാർഷിക അറിവുകൾ തുടങ്ങിയവ പരിഗണിച്ചാണ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം നടക്കുന്നത്. കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര കാർഷിക-കർഷകക്ഷേമ മന്ത്രാലയം ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷനുമായി ഏകോപനം നടത്തി തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി മറുപടിയിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക നിർദ്ദേശം ലഭിച്ചാൽ ഇന്ത്യയുടെ പൈതൃകലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇത് കുട്ടനാടിന്റെ ലോക പൈതൃക പദവിയിലേക്കുള്ള പ്രവേശത്തിന് നിർണായക ചുവടുവയ്പ്പാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
വിദഗ്ധ അഭിപ്രായം തുണ
1. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ വിദഗ്ധ അഭിപ്രായത്തിന് ശേഷമാണ് കുട്ടനാടിനെ യുനെസ്കോയുടെ കൾച്ചറൽ ലാൻഡ് സ്കേപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ ശുപാർശ നൽകിയത്
2. ജീവിക്കുന്ന കാർഷിക പൈതൃക മാതൃക, ജൈവ വൈവിധ്യം, പരമ്പരാഗത കാർഷിക അറിവ് സമ്പ്രദായങ്ങൾ എന്നിവയാണ് കുട്ടനാടിന്റെ പ്രധാന സവിശേഷതകളായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത് നിർണായക നേട്ടമായി വിലയിരുത്തപ്പെടുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |