ആലപ്പുഴ: എൽനിനോയുടെ ഭാഗമായി കാലവർഷത്തിലുണ്ടായ കുറവ് കരകൃഷികൾക്ക് തിരിച്ചടിയായി. ഇടവപ്പാതിയിലെ ഞാറ്റുവേല തിങ്കളാഴ്ച ആരംഭിച്ചെങ്കിലും തിരിമുറിയാതെ പെയ്യേണ്ട മഴ ഇല്ലാതായതോടെ തെങ്ങ്, കുരുമുളക് തുടങ്ങി കാർഷിക കലണ്ടർ പ്രകാരം വിളവിറക്കുകൾ പലതും താളം തെറ്റി.
കാലവർഷം കുറഞ്ഞത് കുട്ടനാട്ടിൽ രണ്ടാം കൃഷിയെ ബാധിച്ചിട്ടില്ലെങ്കിലും വെള്ളം കയറ്റിയിറക്കാൻ മാർഗമില്ലാത്ത മറ്റ് പ്രദേശങ്ങളിൽ നെൽകൃഷി കരിഞ്ഞുണങ്ങാനും വളപ്രയോഗമുൾപ്പെടെ തടസപ്പെടാനും കീടബാധയ്ക്കും എൽനിനോ വഴിയൊരുക്കും. കുംഭമാസത്തിൽ നടീൽ പൂർത്തീകരിച്ച കിഴങ്ങുവർഗ കൃഷികളെയും മഴക്കുറവ് പ്രതിസന്ധിയിലാക്കും. ചേന , ചേമ്പ്, കാച്ചിൽ, ചീനി തുടങ്ങിയവയും ഇഞ്ചി, മഞ്ഞൾ എന്നിവയും നാമ്പെടുത്ത് ഇലവീശി വളരുന്നത് മഴക്കാലത്താണ് . മഴക്കുറവ് ഇവയുടെ വളർച്ചയെയും വിളവിനെയും ബാധിക്കും. ഇടവപ്പാതിയുടെ വരവ് കാത്ത് തടംതുറന്ന് വളപ്രയോഗം നടത്തിയ തെങ്ങുകൾക്ക് വളം വലിച്ചെടുക്കാനാവശ്യമായ വെള്ളം മഴക്കുറവ് കാരണം ലഭിക്കാത്ത സ്ഥിതിയാണ്. ജൂൺ ആദ്യം മുതൽ ഓഗസ്റ്റ്, സെപ്തംബർ വരെയാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ലഭിക്കേണ്ടത്. ഓണത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ ഓണക്കാല പച്ചക്കറി കൃഷികൾക്കുള്ള തൈകളുടെ വിതരണം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരികയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറിയെന്ന പദ്ധതിയ്ക്കും മഴയുടെ കുറവ് വെല്ലുവിളിയാണ്. പയർ, വെണ്ട, പച്ചമുളക്, തക്കാളി ഉൾപ്പെട്ട പച്ചക്കറികളുടെ കൃഷിയ്ക്കും പരിപാലത്തിനും കൂട്ടിന് മഴയില്ലാത്തതിന്റെ വിഷമത്തിലാണ് പച്ചക്കറി കൃഷിയിലേർപ്പെട്ടിരിക്കുന്ന വീട്ടമ്മമാരും കുടുംബശ്രീ യൂണിറ്റുകളും. അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കൃഷികളെയും മഴക്കുറവ് ബാധിച്ചിട്ടുണ്ട്.
ഓണക്കാല കൃഷി പ്രതിസന്ധിയിൽ
കാലവർഷത്തിന്റെ തുടക്കത്തിൽ ഏതാനും ദിവസം പെയ്ത മഴ ഒഴിച്ചാൽ ഇത്തവണ ആലപ്പുഴ ജില്ലയിൽ മഴ പൊതുവിൽ കുറവായിരുന്നു
കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയ പാടങ്ങളും വറ്റിയ തോടുകളും ജലാശയങ്ങളും ജല സമൃദ്ധമാകും മുമ്പേ മഴ പിൻവാങ്ങി
ഇതേത്തുടർന്ന് കുളങ്ങളിലെയും തോടുകളിലെയും ജലനിരപ്പ് ഇപ്പോഴെ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്
ഈമാസം അവസാനം മഴ ശക്തമാകുമെന്ന മുന്നറിയിപ്പിലാണ് നിലവിലെ പ്രതീക്ഷ
മഴയുടെ അളവും ശക്തിയും കുറഞ്ഞാൽ ജലസേചനസൗകര്യമില്ലാത്ത സ്ഥലങ്ങളിൽ കൃഷിനശിക്കാനും വിളനഷ്ടത്തിനും കാരണമാകും
കീടബാധയും കാട്ടുപന്നി ഉൾപ്പെടെ ക്ഷുദ്രജീവികളുടെ ശല്യവും കാരണം കൃഷി പൊതുവിൽ കുറഞ്ഞുവരുന്നതിനിടെ മഴകൂടി ലഭിക്കാതെ വന്നത് കൃഷിയെ ബാധിച്ചിട്ടുണ്ട്. ഓണക്കാലത്ത് വിളവെടുപ്പ് ലക്ഷ്യമാക്കി നട്ട വാഴകൾ, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിളവിനെ മഴക്കുറവ് ബാധിക്കും
- അജികുമാർ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |