
ആലപ്പുഴ : കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി 'വിശപ്പുരഹിതകേരളം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുടുംബശ്രീ ജനകീയഹോട്ടലുകൾ നിലനിൽപ്പിനായി മല്ലടിക്കുന്നു. 2020ൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൻപ്രചാരണത്തോടെ പ്രഖ്യാപിച്ച പദ്ധതി സർക്കാർ സബ്‌സിഡികൾ നിറുത്തലാക്കിയതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
സംസ്ഥാനത്തുണ്ടായിരുന്ന 1198ജനകീയ ഹോട്ടലുകളിൽ പകുതിയിലേറെയും വിപണിയിലെ കടുത്ത വിലക്കയറ്റവും സബ്‌സിഡി അരിയുടേയും പാചകവാതകത്തിന്റേയും ക്ഷാമം മൂലവും ഇതിനകം പൂട്ടിപ്പോയി. നിലവിൽ 655ഹോട്ടലുകൾ മാത്രമാണ് കഷ്ടിച്ച് മുന്നോട്ടുപോകുന്നത്. കൊവിഡ് കാലത്ത് സാധാരണക്കാർക്ക് ആശ്രയമായിരുന്ന 20രൂപയുടെ ഊണ് ഇപ്പോൾ ചരിത്രമാണ്. നിലവിൽ ജനകീയ ഹോട്ടലുകളിൽ 30രൂപയാണ് ഊണിന്. ചിക്കൻ, മീൻ എന്നീ സ്പെഷ്യലുകൾക്ക് 40-50 രൂപയാണ് വില. സാധാരണ ഹോട്ടലുകളിൽ ഊണിന് 60 മുതൽ 100 രൂപ വരെ വാങ്ങുമ്പോഴാണ് കുടുംബശ്രീ പ്രവർത്തകർ ചോറും തോരനും അച്ചാറും ഉൾപ്പെടെ 30-40 രൂപയ്ക്ക് ഊണ് നൽകുന്നത്.
കെട്ടിട വാടക, വെള്ളം, വൈദ്യുതി നിരക്ക് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇതിന്റെ ബാദ്ധ്യതയും കുടുംബശ്രീ നടത്തിപ്പുകാർക്കാണ്.
കരാർ പുതുക്കിയില്ല, സബ്സിഡിയില്ല
1. മാർച്ചിന് ശേഷം സിവിൽ സപ്ലൈസ് കോർപറേഷനുമായി കുടുംബശ്രീമിഷൻ കരാർ പുതുക്കാത്തതിനാൽ സബ്‌സിഡി അരി ലഭിക്കുന്നില്ല
2. പൊതുവിപണിയിൽ നിന്ന് 50 രൂപ വരെ നൽകിയാണ് ജനകീയ ഹോട്ടലുകളിലേക്ക് ആവശ്യമായ അരി ഇപ്പോൾ വാങ്ങുന്നത്
3. വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും വിലയിലുണ്ടായ വലിയ വർദ്ധനവും ഹോട്ടലുകളെ ബാധിച്ചു
4. ചിലവ് കുറയ്ക്കാനായി പ്രാദേശികമായി കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കിയാണ് പിടിച്ചു നില്കുന്നത്
5.കിലോയ്ക്ക് 50രൂപയ്ക്ക് അരി വാങ്ങി 30രൂപയ്ക്ക് ഊണ് നൽകേണ്ടി വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ വേതനംപോലും നൽകാനാകുന്നില്ല
ജില്ലയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ
41
പൊതുവിപണിയിൽ സാധനങ്ങൾക്ക് വൻ വിലവർദ്ധനവുള്ള സാഹചര്യത്തിൽ സപ്ലൈകോ മുഖേന കുറഞ്ഞ നിരക്കിൽ അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കണം. സർക്കാർ അടിയന്തരമായി ഇടപെട്ട് സബ്‌സിഡി പുനഃസ്ഥാപിച്ചില്ലെങ്കിൽ ബാക്കിയുള്ള ഹോട്ടലുകൾ കൂടി വരും ദിവസങ്ങളിൽ പൂട്ടേണ്ടി വരും
- കുംടുംബശ്രീ പ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |