ആലപ്പുഴ : ഈവർഷത്തെ ഒന്നാംവിളയുടെ (രണ്ടാംകൃഷി) കർഷക രജിസ്ട്രേഷൻ സപ്ലൈകോ പാഡി മാർക്കറ്റിംഗ് വിഭാഗം ആരംഭിച്ചിട്ടും നെല്ലുവില വർദ്ധനയെപ്പറ്റി മിണ്ടാട്ടമില്ലാതെ സർക്കാർ. പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം കിലോയ്ക്ക് 35 രൂപ വില പ്രതീക്ഷിച്ചിരുന്ന കർഷകരും ഇതോടെ നിരാശയിലായി.
കേരളത്തിലേതിനെക്കാളും ഉൽപ്പാദനചെലവ് കുറഞ്ഞ തമിഴ്നാട്ടിൽ ഒരു കിലോഗ്രാം നെല്ലിന് 35രൂപയാണ് നിലവിലെ വില. കൂലിയിലും വളം - കീടനാശിനി വിലയിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം പണച്ചെലവ് കേരളത്തിലാണ്. നെല്ല് വില കിലോഗ്രാമിന് 35 രൂപയാക്കുമെന്നും നെൽവില യഥാസമയം ലഭ്യമാക്കാൻ റിവോൾവിംഗ് ഫണ്ട് ആവിഷ്കരിക്കുമെന്നുമാണ് യു.ഡി.എഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിരുന്നത്.
ജൂൺ അവസാനവാരത്തോടെയാണ് കുട്ടനാട്ടിൽ രണ്ടാംകൃഷിക്ക് തുടക്കമായത്. മൂന്നുമാസത്തിനുശേഷം കൊയ്ത്ത് ആരംഭിക്കുമെന്നിരിക്കെ അതിന് മുന്നോടിയായി നെല്ല് സംഭരണനയത്തിന്റെ ഭാഗമായാണ് വില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകേണ്ടത്. കർഷകർ സപ്ളൈകോയ്ക്ക് കൈമാറുന്ന നെല്ലിന്റെ വില ലഭ്യമാക്കുന്നതിലെ കാലതാമസമുൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ സർക്കാർ അധികാരത്തിലെത്തുന്നതോടെ പരിഹാരമുണ്ടാകുമെന്നാണ് കർഷകർക്ക് കരുതിയിരുന്നത്. എന്നാൽ ബഡ്ജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. പാടങ്ങളുടെ പുറംബണ്ട് സംരക്ഷണം, ഓരുമുട്ടുകൾ സ്ഥാപിക്കുന്നത്, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം, വിള ഇൻഷ്വറൻസ് തുടങ്ങിയവയിലൊന്നും കർഷകർക്ക് അനുകൂലമായ യാതൊരു പ്രഖ്യാപനവും യു.ഡി.എഫ് സർക്കാരിൽ നിന്നും ഉണ്ടാകാത്തതിൽ കർഷകർ നിരാശരാണ്.
പഴയ വില തന്നെ
കേരളത്തിൽ നിലവിൽ ഒരു കിലോ നെല്ലിന് 30രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. തമിഴ്നാട്ടിൽ ഇത് 35രൂപയാണ്
കേന്ദ്രം പ്രഖ്യാപിച്ച 72പൈസയുടെ വർദ്ധനവ് നടപ്പായാൽ സംസ്ഥാനവിഹിതമായ 9.52 പൈസയുൾപ്പെടെ 33.93രൂപ ലഭിക്കും
ഇതോടൊപ്പം 1.07രൂപ കൂടി വർദ്ധിപ്പിച്ചാൽ പ്രകടനപത്രികയിൽ പറഞ്ഞിരുന്നപോലെ കർഷകർക്ക് 35 രൂപ നൽകാം
നെല്ല് സംഭരണത്തിൽ പി.ആർ.എസ് വായ്പ പദ്ധതി തുടരുമെന്നാണ് സപ്ളൈകോ വെളിപ്പെടുത്തിയിരിക്കുന്നത്
നിലവിൽ നെൽവില (കിലോഗ്രാമിന്)
₹30
ഉൽപ്പാദനച്ചെലവ് വർദ്ധിച്ചിട്ടും വില കൂട്ടാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. കിലോഗ്രാമിന് 35രൂപയെങ്കിലും ലഭിക്കാത്തപക്ഷം നെൽകർഷകർ കൃഷി അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ്. സപ്ളൈകോയും സർക്കാരും ഇക്കാര്യത്തിൽ സത്വര നടപടിയെടുക്കണം
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |