ആലപ്പുഴ: നെഹ്റുട്രോഫി പവലിയനടക്കമുള്ളവയുടെ കരാറിൽ വിവാദ കരാർ കമ്പനി പങ്കെടുത്തത് വാർത്തയായതോടെ നിലവിലെ എല്ലാ താത്പര്യ പത്രങ്ങളും റദ്ദാക്കി എൻ.ടി.ബി.ആർസൊസൈറ്റി. പുതിയ താത്പര്യപത്രങ്ങൾ ക്ഷണിക്കാനും ഇന്നലെ ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്രി (എൻ.ടി.ബി.ആർ) യോഗം തീരുമാനിച്ചു.
കൊച്ചിയിൽ ഉമ തോമസ് എം.എൽ.എ വീണ് പരിക്കേൽക്കാനിടയായ പരിപാടിയുടെ കരാർ ഏറ്റെടുത്ത ഓസ്കർ ഇവന്റ്സാണ് കരാറിൽ പങ്കെടുത്തത്. വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് കരാർ കമ്പനി പങ്കെടുത്തത്. ഇത് വലിയ വിവാദമായതോടെയാണ് എല്ലാ താത്പര്യപത്രങ്ങളും നിരസിക്കാൻ യോഗം തീരുമാനിച്ചത്.
എം.എൽ.എയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടിയിലെ ദിവ്യാ ഉണ്ണിയുടെ നൃത്ത പരിപാടിയാണ് കമ്പനി യോഗ്യതയായി എടുത്ത് കാട്ടിയിരുന്നത്. രാഹുൽ ഗാന്ധി പങ്കെടുക്കാൻ സാദ്ധ്യയുള്ളതിനാൽ വിവാദ കമ്പനി യോഗത്തിൽ പങ്കെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവരും ജലമേളയിൽ പങ്കെടുക്കാനെത്തുന്നതിനാൽ സുരക്ഷ കണക്കിലെടുക്കണമെന്നുമായിരുന്നു ആവശ്യം. ജലമേള നടത്തിപ്പ് കൂടുതൽ പ്രൊഫഷണലാക്കാൻ ഇവന്റ് മാനേജ്മെന്റ കമ്പനിയെ ഏർപ്പെടുത്താൻ ഇത്തവണ തീരുമാനിച്ചത്. മൂന്ന് കമ്പനികളാണ് കരാറുമായി ബന്ധപ്പെട്ട രംഗത്തെത്തിയത്. ഇതിൽ രണ്ട് കമ്പനികളാണ് ആശയങ്ങൾ അവതരിപ്പിച്ചത്. ഒരു കമ്പനി ചിലകാര്യങ്ങളിൽ വിയോജിച്ച്
മടങ്ങിയിരുന്നു. ഇത്തവണ സമ്മാനത്തുക അടക്കം വർദ്ധിപ്പിച്ചതിനാൽ വിപുലമായ രീതിയിലാണ് ജലമേള നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. രണ്ട് പവലിയനുകൾ, സ്റ്റേജ്, സുരക്ഷിതമായ ഇരിപ്പിടങ്ങൾ തുടങ്ങി 50ഓളം കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവം വിവാദമയെങ്കിലും കരാറിൽ തീരുമാനമെടുത്തിരുന്നില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പല കമ്പനികളും വന്ന് അവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അതുമാത്രമാണ് ഉണ്ടായതെന്നും കളക്ടർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |