SignIn
Kerala Kaumudi Online
Sunday, 26 July 2026 3.33 AM IST

ശമ്പളവുമില്ല,​ വർദ്ധനയുമില്ല: സ്കൂൾ പാചകതൊഴിലാളികൾ പട്ടിണിയിൽ

ആലപ്പുഴ: ശമ്പള വർദ്ധന പ്രഖ്യാപിച്ച് ആദ്യമാസം തന്നെ സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങി. ജൂണിലെ ശമ്പളം ജൂലായ് അവസാനിക്കാറായിട്ടും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. നാല് മാസത്തിനിടയിൽ, ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല സമാശ്വാസമായ 4000 രൂപ മാത്രമാണ് ലഭിച്ചത്.

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ദിനത്തിൽ പ്രഖ്യാപിച്ച വർദ്ധന ഉൾപ്പെടെയുള്ള ശമ്പളം ആശ പ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും പ്രീ പ്രൈമറി അദ്ധ്യാപകർക്കും നൽകിയപ്പോൾ ലഭിച്ചുവന്ന ശമ്പളംപോലും സർക്കാർ സ്കൂൾ പാചക തൊഴിലാളികൾക്ക് നൽകിയില്ല.

എല്ലാമാസവും അഞ്ചിന് മുമ്പ് ശമ്പളം ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ സർക്കാർ വാഗ്ദാനം. എന്നാൽ,​ കഴിഞ്ഞ സർക്കാരും ഇത് പാലിച്ചില്ല. മിനിമം കൂലി 700 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യം പലതവണയായി ആവശ്യപ്പെട്ടിട്ടും സർക്കാർ നടപ്പിലാക്കിയിട്ടില്ല. കേന്ദ്രനിയമ പ്രകാരം 1000രൂപയാണ് പ്രതിമാസ ഓണറേറിയം. 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും നൽകണം. എന്നാൽ, 20 ദിവസം ജോലി ചെയ്താൽ ദിവസം 650 രൂപ നിരക്കിൽ 13000 രൂപ സംസ്ഥാനം നൽകുന്നുണ്ട്. കേന്ദ്രനിയമ പ്രകാരമുള്ള 1000 രൂപ ഉൾപ്പെടെയാണിത്.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ദിവസക്കൂലി 25 രൂപ വർദ്ധിപ്പിച്ച് 675 രൂപയാക്കിയിരുന്നു. ഈ വർദ്ധനവും ഇതുവരെ നടപ്പായിട്ടില്ല. ഇങ്ങനെ 675 രൂപയും പുതിയ സർക്കാർ പ്രഖ്യാപിച്ച 1000 രൂപയും ചേർത്ത് ഒരുമാസം 14500 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കേണ്ടത്. സ്‌കൂളുകളിൽ 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്. 150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം ഉണ്ടാക്കാൻ ഓരാളെക്കൊണ്ട് സാധിക്കില്ലെന്ന് തൊഴിലാളികൾ പറയുന്നത്. തമിഴ്‌നാട്ടിൽ ഒരു ഓർഗനൈസർ, കുക്ക്, കുക്ക് അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തികകൾ. ജോലിഭാരം മൂലം ഇവരുടെ പകുതി ശമ്പളം നൽകി മറ്റൊരാളെ നിയമിക്കേണ്ട അവസ്ഥയാണ് തൊഴിലാളികൾക്ക്. സ്കൂളുകളിൽ വിദ്യാ‌ർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ഈ അദ്ധ്യയന വർഷം 150 തൊഴിലാളികൾക്കാണ് ജോലി നഷ്ടമായത്. 13327 തൊഴിലാളികളായിരുന്നു കഴിഞ്ഞ വ‌ർഷമുണ്ടായിരുന്നത്.

നിരാശപ്പെടുത്തില്ലെന്ന് വാഗ്ദാനം

കൂലി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും കണ്ടെങ്കിലും നിരാശപ്പെടുത്തില്ല, ഉടൻ യോഗം ചേരും എന്നുള്ള വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയത്. മുൻ വർഷങ്ങളിൽ വലിയ സമരം ചെയ്താണ് മാസങ്ങളോളമുള്ള കുടിശിക തൊഴിലാളികൾ വാങ്ങിച്ചെടുത്തത്. ഈ സർക്കാരും ഇതേ നിലപാട് തുടരുന്നത് വഞ്ചനാപരമാണെന്നും തൊഴിലാളികൾ പറയുന്നു. ഓണം അടുത്തതിനാൽ ഉത്സവബത്തയും ശമ്പള കുടിശികയും അടിയന്തരമായി നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ആകെ പാചക തൊഴിലാളികൾ : 13177

നിലവിൽ ജോലി ചെയ്യുന്നവർ : 20000

ദിവസശമ്പളം: 650

ഉത്സവബത്ത: 1450

അവധിക്കാല അലവൻസ്: 2000

ശമ്പള വർദ്ധന പ്രഖ്യാപിച്ചിട്ടും ആദ്യമാസം തന്നെ ശമ്പളം നൽകാത്തത് തൊഴിലാളികളോടുള്ള വഞ്ചനായാണ്. സർക്കാർ തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കണം

-പി.ജി.മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി, സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യുസി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL