ആലപ്പുഴ: കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി നഗരത്തിൽ കളിക്കളമൊരുങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. കളിക്കളമില്ലാത്തതിനാൽ അവധിക്കാലങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ മൈതാനങ്ങളില്ലാത്ത സ്ഥിതിയാണ്. നഗരത്തിൽ കുട്ടികൾക്കായി മൈതാനം നിർമ്മിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ നഗരസഭയെ അറിയിച്ചിരുന്നു. എന്നാൽ യാതൊരു അനുകൂല നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. നിലവിൽ റിക്രിയേഷൻ ഗ്രൗണ്ടിലാണ് കുട്ടികളും യുവാക്കളും ക്രിക്കറ്റും ഫുട്ബാളുമടക്കമുള്ളവ കളിക്കാൻ എത്തുന്നത്. എന്നാൽ ഇവിടം സ്ഥിരമായി ഉപയോഗിക്കാനാവില്ല. ഞായറാഴ്ചകളിൽ ബീച്ചിൽ എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നത് ഇവിടെയാണ്. മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കുന്നതും പ്രതിസന്ധിയാണ്. കൂടാതെ വിവിധ പരിപാടികൾ നടക്കുന്ന സ്ഥലമായതിനാൽ ഉപയോഗിക്കാൻ പരിമിതികളുണ്ട്. നഗരത്തിൽ വിവിധ വാർഡുകളിൽ 40 വർഷത്തിലധികമായി തരിശായി കിടക്കുന്ന കൃഷിഭൂമികളുണ്ട്. ഇവ ഏറ്റെടുത്താൽ നഗരസഭയ്ക്ക് കളിക്കളങ്ങൾ നിർമ്മിക്കാം. കുറഞ്ഞത് രണ്ട് കളിക്കളങ്ങളെങ്കിലും വേണം. ആദ്യഘട്ടത്തിൽ ഒരു മൈതാനം നിർമ്മിക്കാൻ നഗരസഭ തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കളിക്കളത്തിന്റെ ആവശ്യകത
ഇ.എം.എസ് സ്റ്രേഡിയം നിർമ്മാണം കഴിഞ്ഞാൽ ഇവിടെ നഗരത്തിലെ കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല
സ്റ്റേഡിയത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിവിധ മത്സരങ്ങൾ നടക്കാനും സാദ്ധ്യതയുണ്ട്
മൈതാനങ്ങൾ വന്നാൽ സ്കൂൾ കായിക മേളകൾക്കും ഉപയോഗിക്കാം
കഴിഞ്ഞ കായിക മേളയ്ക്ക് കളിസ്ഥലങ്ങളില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു
നഗരത്തിൽ കുട്ടികൾക്ക് മൈതാനങ്ങൾ ആവശ്യമാണ്. നഗരസഭ പദ്ധതി പുനക്രമീകരണം വരുന്നതിനാൽ ഇത് ഉൾപ്പെടുത്തണം. നഗരസഭ മൈതാനങ്ങൾ നിർമ്മിക്കുന്നതിന് നടപടി എടുക്കണം
-വി.ജി. വിഷ്ണു,
നഗരസഭ പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |