
ആലപ്പുഴ: തുമ്പോളിയിൽ റിട്ട. അദ്ധ്യാപിക ഏലിയാമ്മയെ (ചിന്നമ്മ) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി (39) കുറ്റക്കാരിയാണെന്ന് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി-3 കണ്ടെത്തി. ശിക്ഷാവിധി ഇന്ന് പ്രസ്ഥാവിക്കും.
2010 ആഗസ്റ്റ് 12നാണ് കേസിന് ആസ്പദമായ സംഭവം. സംഭവസമയത്ത് ഏലിയാമ്മയുടെ ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നു. ഏലിയാമ്മയും വീട്ടുജോലിക്കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോലിക്കാരി വീട്ടിലേക്ക് പോയ സമയത്താണ് ബന്ധുവും അയൽവാസിയുമായ ഫ്രില്ലി വീട്ടിലെത്തി കൊലനടത്തിയത്. മുഖത്ത് മുളകുപൊടി വിതറിയ ശേഷം പിന്നിൽ നിന്ന് തള്ളി താഴെയിട്ട പ്രതി, കത്തി ഉപയോഗിച്ച് കൈകളിലും കഴുത്തിലും മുറിവേൽപ്പിച്ചു. വീഴ്ചയിൽ ഏലിയാമ്മയുടെ വാരിയെല്ലുകളും പൊട്ടിയിരുന്നു. തുടർന്ന് സ്വർണവളകളും മാലയും കവർന്നശേഷം കടന്നുകളഞ്ഞു.
ആലപ്പുഴ നോർത്ത് പൊലീസാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണം വഴിതെറ്റിക്കാൻ തമിഴ്നാട് നാടോടി സംഘത്തെ വീട്ടിൽ കണ്ടതായി ഫ്രില്ലി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ ട്രെയിനിൽ നിന്ന് ഒരു നാടോടി സംഘത്തെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് പിന്നീട് വ്യക്തമായി. തുടർന്ന് ഫ്രില്ലിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയ പൊലീസ്, തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |