SignIn
Kerala Kaumudi Online
Friday, 07 August 2026 5.16 AM IST

ഒഴുകിമാറാതെ വെള്ളം, ഒഴിയാതെ ദുരിതം

ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ പ്രളയദുരിതത്തിന് ശമനമില്ല. ഇന്നലെ കിഴക്കൻ ജില്ലകളിൽ മഴ നിറുത്താതെ പെയ്തതും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗ്രാമീണറോഡുകൾ വെള്ളത്തിൽ മുങ്ങി. ജില്ലയിൽ 118 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിൽനിന്ന് കാര്യമായ രീതിയിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല.

തോട്ടപ്പള്ളിയിൽ മാലിന്യങ്ങൾ നീക്കിയതിനാൽ ഒഴുക്ക് കൂടിയിട്ടുണ്ടെങ്കിലും കടൽ പ്രക്ഷുബ്ധമായതിനാൽ വെള്ളം ഒഴുകിപ്പോകുന്നതിൽ പ്രതിസന്ധിയുണ്ട്. അമ്പലപ്പുഴ-തിരുവല്ല പാതയിൽ വെള്ളംകയറി നീരേറ്റുപുറം, മുട്ടാർ, തായങ്കരി, കണ്ടംകരി അടക്കമുള്ള പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. പമ്പയാറും അച്ചൻകോവിലാറും ഉൾപ്പെടെയുള്ള നദികളും കൈത്തോടുകളും കരകവിഞ്ഞ് പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.

മടവീഴ്ചയിൽ എ.സി കനാൽ കരകവിഞ്ഞ് പ്രധാനപാതയായ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പലഭാഗത്തും വെള്ളംകയറി. കോടികൾ മുടക്കി നവീകരിച്ച പാതയിൽ ഗതാഗതം ഭാഗികമായി നിലച്ചു. കെ.എസ്.ആർ.ടി.സി അടക്കമുള്ള വലിയവാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. മനയ്ക്കച്ചിറ, കിടങ്ങറ, മാമ്പുഴക്കരി, പള്ളിക്കൂട്ടൂമ്മ എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിലാണ് ദുരിതം ഏറെ. പാടശേഖരങ്ങൾ നിറഞ്ഞുകവിഞ്ഞ് ഇരച്ചെത്തുന്ന ജലം ചെറിയവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുകയാണ്. പലവാഹനങ്ങളും കേടായി വഴിയിൽ കിന്നതോടെ പൊലീസ് വാഹനനിയന്ത്രണം ഏർപ്പെടുത്തി.
പ്രദേശത്തെ ഉയർന്ന പാലങ്ങളിലാണ് നാട്ടുകാരുടെ വാഹനം പാർക്കുചെയ്യുന്നത്. വെള്ളമിറങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. വള്ളങ്ങളിലും ട്രാക്ടറുകളിലുമാണ് പലരുടെയും സഞ്ചാരം.

കൂടുതൽ ബോട്ട് സർവീസുകൾ

പുളിങ്കുന്ന്, കാവാലം, വെളിയനാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് കൂടുതൽ ബോട്ട് സർവീസുകളും നടത്തുന്നുണ്ട്. വെള്ളത്താൽ ഒറ്റപ്പെട്ടവർ കൂടുതൽ ആശ്രയിക്കുന്നത് യാത്രാബോട്ടുകളെയാണ്. നെടുമുടി ബോട്ടുജെട്ടിയും കാത്തിരിപ്പുകേന്ദ്രവും വെള്ളത്തിൽ മുങ്ങി. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനവും അവതാളത്തിലായി. പ്രദേശത്തേക്ക് എത്തിപ്പെടാൻകഴിയാത്തതിനൊപ്പം ആശുപത്രികെട്ടിടങ്ങളും പരിസരവും വെള്ളത്തിൽ മുങ്ങി.

ക്യാമ്പുകളിൽ 14646 പേർ

 ആകെ ക്യാമ്പുകൾ- 118

 കുടുംബങ്ങൾ- 5012

 പുരുഷന്മാർ- 5970

 സ്ത്രീകൾ- 6774

 കുട്ടികൾ- 1902

താലൂക്കുകളും ക്യാമ്പുകളുടെ എണ്ണവും

ചെങ്ങന്നൂർ ...............41

കുട്ടനാട്......................25

കാർത്തികപ്പള്ളി........24

മാവേലിക്കര.............16

ചേർത്തല.................5

അമ്പലപ്പുഴ............7

കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ..........579

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL