SignIn
Kerala Kaumudi Online
Saturday, 08 August 2026 3.59 AM IST

കിഴക്കൻവെള്ളം വരവ് ശക്തം, വിട്ടൊഴിയാതെ ദുരിതം

ആലപ്പുഴ : കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാൽ കുട്ടനാട് , അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് താഴാത്തതിനെത്തുടർന്ന് ജനം തീരാദുരിതത്തിൽ.

ജില്ലയിൽ പള്ളാത്തുരുത്തി പ്രദേശം റെഡ് അലർട്ടിൽ തുടരുകയാണ്. ഇവിടെ കഴിഞ്ഞ ദിവസം ജലനിരപ്പ് അല്പം കുറഞ്ഞിരുന്നെങ്കിലും ഇന്നലയോടെ വീണ്ടും പമ്പാനദിയിൽ ജലനിരപ്പ് ഉയ‌ർന്നു.

താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായി ഒഴുകിപ്പോകുന്നതിന് മുമ്പാണ് വീണ്ടും കിഴക്കൻ വെള്ളം എത്തുന്നത്. ആലപ്പുഴ ചങ്ങനാശേരി- റോഡിലും വെള്ളക്കെട്ടിൽ കാര്യമായ കുറവില്ല. നിലവിൽ കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. എടത്വാ മേഖല ഇപ്പോഴും വെള്ളക്കെട്ടിലാണ്. ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണ് ഇവിടെയുള്ളത്.

ഇന്നലെ കളർകോട് ഒന്നാം പാലത്തിന് കിഴക്ക് ദേവസ്വം കരി പാടശേഖത്തിലുണ്ടായ മടവീഴ്ചയിൽ 45 ദിവസം പ്രായമായ നെൽച്ചെടികൾ നശിച്ചു. മരുന്നടിച്ച്, കളകൾ നശിപ്പിച്ച് 2 വളവും നൽകിയ നെൽച്ചെടികളാണ് വെള്ളം കയറി നശിച്ചത്.

130 ഏക്കറുള്ള പാടശേഖരത്തിൽ 60ഓളം ചെറുകിട കർഷകരാണുള്ളത്. ഏക്കറിന് 20,000 രൂപയിൽ കൂടുതൽ ചെലവു വന്നിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. സമീപത്തെ 19 ഏക്കർ പാടശേഖരത്തിൽ നിന്നുമാണ് ദേവസ്വം കരി പാടത്തേക്ക് വെള്ളം കയറിയത്. ഈ പാടശേഖരം രണ്ടുകൃഷികൾ നടത്താതെ വെള്ളം കയറ്റിയിട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് ദേവസ്വം കരി പാടശേഖരത്ത് മടവീഴാൻ സാദ്ധ്യതയുണ്ടെന്നു കാട്ടി കർഷകർ അധികൃതർക്ക് പരാതി നൽകിയിരുന്നു. കൗൺസിലർ അടക്കമുള്ളവർ ചേർന്ന് ചർച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ നടപടിയുണ്ടായില്ലെന്ന് ദേവസ്വംകരി പാടശേഖരസമിതി സെക്രട്ടറി കെ.വിവേകാനന്ദൻ പറഞ്ഞു. മടവീണതോടെ കർഷകരും പുറംബണ്ടിലെ താമസക്കാരും ഏറെ ബുദ്ധിമുട്ടിലായി.

അമ്പലപ്പുഴ - തിരുവല്ല ബസ് സർവീസ് പുനരാരംഭിച്ചു

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നിറുത്തിവെച്ചിരുന്ന അമ്പലപ്പുഴ - തിരുവല്ല ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചു. കാർത്തികപ്പള്ളി താലൂക്കിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ചെങ്ങന്നൂരിൽ തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ വെള്ളക്കെട്ടിൽ കാര്യമായ കുറവുണ്ടായി. തോട്ടപ്പള്ളി പൊഴിയിൽ നീരൊഴുക്ക് ശക്തമാണ്. പൊഴിമുഖത്തിന്റെ വീതി 200 മീറ്ററിലും കൂടുതലായി. കായലോര മേഖലകളിൽ ജലനിരപ്പിന് നേരിയ കുറവുണ്ടായിട്ടുണ്ട്. ചേർത്തല താലൂക്കിൽ വെള്ളക്കെട്ടുമൂലമുള്ള ദുരിതം രൂക്ഷമായി തുടരുന്നുണ്ട്. ആറായിരത്തോളം വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്.

മഴ കൂടുതൽ ചേർത്തലയിൽ
ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ഏറ്റവുംകൂടുതൽ മഴ ലഭിച്ചത് ചേർത്തലയിലാണ്. 94.9 മില്ലീമീറ്റർ. മാവേലിക്കര- 26.4 മി.മീ, ഹരിപ്പാട്- 20.4 മി.മീ, കായംകുളം- 15.8 മി.മീ എന്നിങ്ങനെയാണ് പെയ്ത മഴ.

ദുരിതാശ്വാസ ക്യാമ്പുകൾ

127

താലൂക്കുകളും ക്യാമ്പുകളും

ചേർത്തല - 5

അമ്പലപ്പുഴ - 11

കുട്ടനാട് - 33

കാർത്തികപ്പള്ളി- 23

മാവേലിക്കര- 15

ചെങ്ങന്നൂർ- 40

ക്യാമ്പുകളിൽ 18057 പേർ

 സ്ത്രീകൾ- 8514

 പുരുഷന്മാർ- 7401‌

 കുട്ടികൾ- 2142

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL