ആലപ്പുഴ : കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മന്ത്രിമാർക്കും എം.പി, എം.എൽ.എമാർക്കും മുന്നിൽ പരാതി പ്രളയം.
വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന മേഖലകളിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.ലിജു, കെ.സി. വേണുഗോപാൽ എം.പി, റെജി ചെറിയാൻ എം.എൽ.എ, കളക്ടർ ഷാജി വി.നായർ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ സംഘം അടിയന്തര ആശ്വാസ നടപടികൾ ഉറപ്പുനൽകി. ക്യാമ്പുകളിൽ കൃത്യമായ വൈദ്യസഹായം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തടസമില്ലാതെ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എ.ഡി.എം. സി. പ്രേംജി, ആർ.ഡി.ഒ. ജെ. മോബി, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.പി. സിന്ധു, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്. ബിജു, തഹസീൽദാർ പി.കെ. സൗമ്യ, ജില്ലാ പഞ്ചായത്ത് അംഗം സി.വി. രാജീവ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. മടവീഴ്ചയുണ്ടായ ചമ്പക്കുളം പഞ്ചായത്തിലെ മൂല പൊങ്ങമ്പ്ര പാടശേഖരവും പുളിങ്കുന്ന് പഞ്ചായത്തിലെ വടക്കേകരി മാടതാനികരി പാടശേഖരവും, തെക്കെ മണപ്പിള്ളി പാടശേഖരവും കൃഷി മന്ത്രി സന്ദർശിച്ചു.
നാളെ ചർച്ച : മന്ത്രി സിദ്ധിഖ്
പുനഃകൃഷി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ തിരുവനന്തപുരത്ത് സഹകരണം, കൃഷി, ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടിപ്പിച്ച് പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിക്കുന്നതോടൊപ്പം അവരെ കാർഷിക മേഖലയിൽ നിലനിറുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും ചർച്ച ചെയ്തു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഠനം നടത്തും: എം. ലിജു
തോട്ടപ്പള്ളി സ്പിൽവേ ഭാഗത്തും ലീഡിംഗ് ചാനലിലും കഴിഞ്ഞ എട്ടുവർഷമായി നടത്തിയ ആഴംകൂട്ടൽ പ്രവൃത്തികളുടെ ഫലപ്രാപ്തി വിലയിരുത്താൻ പ്രത്യേക പഠനം നടത്തുമെന്ന് മന്ത്രി എം.ലിജു പറഞ്ഞു. കർഷകരും ദുരിതബാധിതതരും പങ്കുവച്ച കാര്യങ്ങൾക്ക് ശാശ്വത പരിഹാരം കാണും.
സഹായം എത്തിക്കും: എം.പി
നഷ്ടമുണ്ടായ കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും നാടിനായി പണിയെടുക്കുന്ന കുട്ടനാടൻ കർഷകരെ സംരക്ഷിക്കേണ്ടത് പൊതു ആവശ്യമാണ്. മഴയ്ക്ക് മുമ്പ് നടത്തേണ്ട മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും എം.പി.പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |