
അമ്പലപ്പുഴ: തീരദേശ റെയിൽപ്പാതയിൽ വളഞ്ഞവഴി പടിഞ്ഞാറ് ചൊവ്വാഴ്ച വൈകിട്ട് ട്രെയിൻ തട്ടി മരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുതുവൽ വീട്ടിൽ വിനീത് - സൂര്യ ബാബു ദമ്പതികളുടെ ഏകമകൻ രണ്ടു വയസുകാരൻ ദൃണവിന് നാട് കണ്ണീരോടെ വിട നൽകി. കുട്ടി എങ്ങനെ ഉയരത്തിലുള്ള റെയിൽവെ ട്രാക്കിലെത്തിയെന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കുട്ടി ട്രാക്കിലേക്കു ഇഴഞ്ഞു കയറുന്നത് 200 മീറ്റർ അകലെ വെച്ചു കണ്ടിരുന്നതായി ഇടിച്ച ആലപ്പുഴ- കൊല്ലം പാസഞ്ചറിലെ തമിഴ് നാട്ടുകാരനായ ലോക്കോ പൈലറ്റ് അമ്പലപ്പുഴ പൊലീസിനോട് പറഞ്ഞു. ട്രെയിൻ നിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും 4 ബോഗികൾ കുട്ടിയെ ഇടിച്ച ശേഷം മുന്നോട്ടു പോയ ശേഷമാണ് ട്രെയിൻ നിന്നത്. മത്സ്യതൊഴിലാളിയായ വിനീതും, വളഞ്ഞവഴിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സൂര്യ ബാബുവും ജോലിക്കു പോകുന്നതിനാൽ അടുത്തു തന്നെയുള്ള സൂര്യയുടെ വീട്ടിൽ ആണ് ദൃണവിനെയാക്കിയിരുന്നത്. സൂര്യയുടെ മാതാപിതാക്കളും കുഞ്ഞിന്റെ മുത്തശ്ശനും, മുത്തശ്ശിയുമായ ബാബുവും ശോഭിയയുമായിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്. ശോഭിയ കുളിക്കാൻ പോയപ്പോൾ കുഞ്ഞിനെ അടുത്ത വീട്ടിലെ വേണു-ഷീല ദമ്പതികളുടെ വീട്ടിലാക്കി. വേണു മുറ്റത്ത് പുല്ലുചെത്തുകയും കുഞ്ഞ് കളിക്കുകയും ചെയ്യുന്നതിനിടെ പെട്ടെന്ന് കുഞ്ഞിനെ കാണാതാകുകയായിരുന്നു. സമീപത്തെ റെയിൽവെ ട്രാക്കിലേക്ക് കുഞ്ഞ് ഇഴഞ്ഞ് കയറിപ്പോയതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |