SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

പ്രഖ്യാപനം പാഴായി, കിട്ടാതെ നെൽവില കുശ്ശിക

ആലപ്പുഴ: കഴിഞ്ഞ സീസണിലെ നെല്ല് സംഭരിച്ചതിന്റെ മുഴുവൻ പണവും ഓണത്തിന് മുമ്പ് സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്ന പ്രഖ്യാപനവും പാഴായി. ഓണം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കർഷകർക്ക് പണം ലഭിച്ചില്ല. ജില്ലയിൽ മാത്രം 17.70 കോടി രൂപയാണ് ലഭിക്കാനുള്ളത്.ഓണത്തിന് തൊട്ടുമുമ്പുള്ള മഴക്കെടുതിയിൽ വലിയ കൃഷിനാശത്തിനിരയായ കർഷകരിൽ പലരും ഒന്നാംവിളയുടെ നെല്ലിന്റെ പരിപാലനത്തിനുപോലും പണമില്ലാതെ വലിയ ദുരിതത്തിലാണ് ഇപ്പോൾ .

വളപ്രയോഗത്തിന് പണമില്ലാതെയും പലിശക്കെണിയിലകപ്പെട്ടും നിസ്സഹായാവസ്ഥയിലാണ് അവർ. നെല്ല് സംഭരണത്തിന് റിവോൾവിംഗ് ഫണ്ടുറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി 100ദിനമാകുമ്പോഴും കഴിഞ്ഞ സീസണിലെ നെല്ലിന്റെ വില പോലും കൊടുത്തുതീർക്കാത്തതിൽ കർഷകർ നിരാശരാണ്. രാസവളങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം സാമ്പത്തികക്ളേശം കൂടിയായതോടെ എങ്ങനെ കൃഷി മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ വലയുകയാണ് ഇവരിൽ പലരും.

 സപ്ളൈകോ മുഖേന കർഷകർക്ക് നേരിട്ട് പണം നൽകാനുള്ള തീരുമാനപ്രകാരം ഫണ്ട് അനുവദിച്ചെന്നായിരുന്നു സർക്കാർ ഓണത്തിന് മുമ്പ് അറിയിച്ചിരുന്നത്

 ഓണാവധിയും സാങ്കേതിക തടസങ്ങളുമാണ് പണം നൽകുന്നത് നീണ്ടുപോകാൻ ഇടയാക്കിയതെന്നാണ് പാഡി മാർക്കറ്റിംഗ് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ

 വെബ്‌സൈറ്റിൽ 17.70 കോടി രൂപ കുടിശ്ശികയുണ്ടെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള നിലങ്ങളുടേത് കഴിച്ചാൽ 14 കോടിയേ നൽകാനുള്ളൂവെന്ന് സപ്ളൈകോ

 നൽകാനുള്ള കുടിശിക തിങ്കളാഴ്ചയോടെ കർഷകരുടെ അക്കൗണ്ടിലെത്തുമെന്നാണ് സപ്ളൈകോ അധികൃതർ ഏറ്റവും ഒടുവിൽ നൽകുന്ന വിവരം

നെല്ല് സംഭരണം (ആലപ്പുഴ 2026-27)

കർഷകർ..................................34,715

നെല്ലിന്റെ അളവ്......................1.34 ലക്ഷം മെട്രിക് ടൺ

കൊടുത്തത്........................... 38.62 കോടി

കൊടുക്കാനുള്ളത്...................17.70 കോടി

ഓണം കഴിഞ്ഞിട്ടും കഴിഞ്ഞ സീസണിലെ നെല്ലിന്റെ വില വിതരണം പൂർത്തിയാക്കാത്ത നടപടി കർഷകരെ അപമാനിക്കലാണ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പ് സീസണിലെങ്കിലും നടപ്പാക്കണം

- സോണിച്ചൻ, പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL