ആലപ്പുഴ: ഭിന്നശേഷി വിഭാഗങ്ങൾക്ക് സുരക്ഷിതവും സ്നേഹനിർഭരവുമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ ‘അൻപ് വീട്’ പദ്ധതി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വ്യാപിപ്പിക്കും. സർക്കാരിന്റെ 100ദിന കർമ്മപരിപാടിയുടെ ഭാഗമായി ഘട്ടംഘട്ടമായാകും പദ്ധതി നടപ്പിലാക്കുക. മാതാപിതാക്കൾക്കോ പരിചാരകർക്കോ അടിയന്തര ആവശ്യങ്ങൾക്ക് പോകേണ്ട സാഹചര്യങ്ങളിൽ ഭിന്നശേഷിക്കാരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനും പരിചരണവും പോഷകാഹാരവും നൽകുന്നതിനുമാണ് കേന്ദ്രം ഒരുക്കുന്നത്. ദീർഘകാലം ഡേ കെയർ സേവനം ആവശ്യമുള്ളവരെ പ്രവേശിപ്പിക്കില്ല. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ ഡേ കെയർ ആവശ്യം വന്നാൽ പരമാവധി ഏഴ് ദിവസത്തിൽ കൂടുതൽ പാടില്ലെന്ന നിർദ്ദേശവുമുണ്ട്. ഇതിൽ കൂടുതൽ ആവശ്യം വന്നാൽ സാമൂഹിക നീതി ഓഫീസറുടെ പ്രത്യേക അനുമതി വേണ്ടി വരും. അതും പരമാവധി ഒരുമാസം മാത്രം. ഒരു വ്യക്തിക്ക് ആറുമാസത്തിനിടെ രണ്ടുതവണ ഹോമിൽ പ്രവേശനം ലഭിക്കും. ഇതിനായുള്ള സ്ഥാപനങ്ങളെ കണ്ടെത്തുന്ന നടപടികൾ തുടങ്ങി. സാമൂഹികനീതി വകുപ്പിന്റെ വാർഷിക ബഡ്ജറ്റ് വിഹിതം ഉപയോഗിച്ചായിരിക്കും പ്രവർത്തനം. സർക്കാർ അംഗീകൃത റെസിഡൻഷ്യൽ സ്ഥാപനങ്ങൾ, യോഗ്യതയുള്ള സന്നദ്ധ സംഘടനകൾ, ഭിന്നശേഷി സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണമുണ്ടാകും. മുഴുവൻ സമയം താമസിപ്പിക്കുന്നതിനുള്ള സൗകര്യമുള്ള സ്ഥാപനമായിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. കുറഞ്ഞത് ഒരുവർഷത്തെയെങ്കിലും പ്രവർത്തനപരിചയം വേണം. ഒരേസമയം കുറഞ്ഞത് അഞ്ച് ഗുണഭോക്താക്കളെ ഉൾക്കൊള്ളാൻ കഴിയണം. കെട്ടിടവും പരിസരവും ഭിന്നശേഷി സൗഹൃദമായിരിക്കണം.
മെഡിക്കൽ സഹായം അടക്കം ലഭിക്കും
ഒരാളുടെ ഒരു ദിവസത്തെ പരിചരണത്തിന് സർക്കാർ 1,500 രൂപ നൽകും
ദീർഘകാലം ഡേ കെയർ സേവനം ആവശ്യമുള്ളവരെ പ്രവേശിപ്പിക്കില്ല
ആവശ്യമായ മെഡിക്കൽ സഹായം അടക്കം ഇവിടെനിന്ന് ലഭിക്കും
അൻപ് വീടുകളിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമായിരിക്കും
സുരക്ഷാ ജീവനക്കാർ അടക്കമുള്ളവരുടെ സേവനം ഇവിടെയുണ്ടാകും
ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും
അംഗീകൃത സന്നദ്ധ സംഘടനകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളുകൾ എന്നിവർക്ക് പദ്ധതിയുടെ ഭാഗമാകാംൻ അപേക്ഷിക്കാം
അപേക്ഷാ ഫോമുകൾ സാമൂഹ്യ നീതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭിക്കും
- സാമൂഹ്യനീതി വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |