മുഹമ്മ: ബസിൽ കോളജിലേക്ക് യാത്ര ചെയ്യുന്നതിനിടെ തമിഴ്നാട് കോർപ്പറേഷന്റെ ബസ് ഇടിച്ച് പരുക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന വിദ്യാർത്ഥിനിക്ക് പലിശയടക്കം 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ റിട്ട. വൈദ്യുതി വകുപ്പ് ജീവനക്കാരൻ കരുവേലിൽ സുശീലന്റെ മകൾ ഗൗരിനന്ദ(24) അപകടത്തിൽപ്പെട്ട കേസിലാണ് ആലപ്പുഴ എം.എ.സി ട്രിബ്യൂണൽ
എ.എം ബഷീറിന്റെ വിധി. തമിഴ്നാട് സ്റ്റേറ്റ് എക്സ് പ്രസ് ട്രാൻസ്പോർട്ട് കോർപറേഷനാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2023 നവംബർ 11 നായിരുന്നു സംഭവം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ എം.എസ് സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ, നാട്ടിലെ വീട്ടിൽ നിന്ന് കോളജിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുലർച്ചെ നാലിന് തമിഴ്നാട് വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപം വച്ചായിരുന്നു അപകടം. ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസിലേക്ക് തമിഴ്നാട് കോർപറേഷന്റെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് എതിർ ദിശയിലെത്തിയ ബസിൽ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസ് മറിഞ്ഞു. രണ്ട് വാഹനങ്ങളിലുമായി നാല് പേർ മരിക്കുകയും 16 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളജിലടക്കം ചികിത്സിച്ചെങ്കിലും അരയ്ക്ക് താഴേക്ക് തളർന്ന് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |