ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്ത് കാത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ കെ.സി.വേണുഗോപാൽ എം.പിയെ അറിയിച്ചു. എം.പി ആവശ്യപ്പെട്ടതനുസരിച്ച് ജൂലായ് 18ന് ആരോഗ്യമന്ത്രി നേരിട്ടെത്തി ആശുപത്രിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടപ്പോൾ ആശങ്ക അറിയിച്ചുകൊണ്ട് കെ.സി വേണുഗോപാൽ ആരോഗ്യ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് കാത്ത് ലാബ് ഉൾപ്പെടെ വരാൻ പോകുന്ന സുപ്രധാന വികസന പദ്ധതികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചിരിക്കുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും ട്രോമാ കെയർ സെന്ററും തമ്മിലുള്ള ബന്ധിപ്പിക്കൽ പ്രവൃത്തികൾക്കായി 6 കോടി രൂപ അനുവദിക്കുമെന്നും അതിന്റെ ടെൻഡർ നടപടികളിലേക്ക് എത്രയും വേഗം കടക്കുമെന്നും മന്ത്രി അറിയിച്ചു.കാൻസർ രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ലിനാക് മെഷീൻ അടുത്ത സാമ്പത്തിക വർഷം സ്ഥാപിക്കും.ലബോറട്ടറി സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതോടൊപ്പം കൂട്ടിരിപ്പുകാർക്കായി ഫെസിലിറ്റേഷൻ സെന്ററും സ്ഥാപിക്കും. വിവിധ ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കും.മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അധിക തസ്തികകൾ സൃഷ്ടിക്കുന്നതിനും നിലവിലുള്ള ഒഴിവുകൾ താൽക്കാലിക ക്രമീകരണങ്ങളിലൂടെ നികത്തുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ചില വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകൾ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത മാസം മുതൽ സീനിയർ റസിഡന്റുമാരുടെ നിയമനം നടത്തുമെന്നും മന്ത്രി ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |