ആലപ്പുഴ : ചുങ്കം-പള്ളാത്തുരുത്തി റോഡിൽ വട്ടുപറമ്പിൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം 75ലക്ഷം രൂപയുടെ ഹൗസ്‌ബോട്ട് കത്തിയമർന്നതിന് പിന്നിൽ വൻ വഴിത്തിരിവ്. പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ച തിരിയിൽ നിന്ന് തീ പടർന്നെന്നാണ് പ്രാഥമികനിഗമനം. മൂന്ന് മുറികളിലെ എ.സി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, ജനറേറ്റർ, അടുക്കളയിലെ സാധനങ്ങളടക്കം പൂർണമായും കത്തിനശിച്ചു. ഇരുനിലകളിലായി മൂന്നുമുറികളുള്ള ശീതീകരിച്ച ഹൗസ്ബോട്ടാണ് പൂർണമായും കത്തിയമർന്നത്. ആലപ്പുഴ സ്വദേശി റെജീഷിന്റെ ഹൗസ്ബോട്ടാണ് കത്തിനശിച്ചത്. അഞ്ചുവർഷം മുമ്പാണ് ബോട്ട് ഇറക്കിയത്. ഹൗസ് ബോട്ട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഈമാസം ആദ്യം പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചിരുന്നു.
അതേസമയം, വേമ്പനാട്ട് കായലിൽ പുരവഞ്ചികൾക്ക് തീപിടിക്കുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുന്നമട ഫിനിഷിംഗ് പോയിന്റിൽ അഗ്നിശമന സേന യൂണിറ്റ് സ്ഥാപിക്കണമെന്ന് കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ മാത്രം രണ്ട് അപകടങ്ങളിലായി നാല് ഹൗസ്ബോട്ടുകളാണ് നശിച്ചത്. കൂടുതൽ അപകടം ഒഴിവാകുന്നതിനായി അഗ്നിശമന സേനയുടെ യൂണിറ്റ് അനിവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എം.അനസും സെക്രട്ടറി ലിജുവും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |