
മുഹമ്മ: കാക്കിക്കുള്ളിലെ കരുതലും കാരുണ്യവും കാരണം വാഹനാപകടത്തിൽപ്പെട്ട സൈക്കിൾ യാത്രികനായ മത്സ്യത്തൊഴിലാളിയുടെ ജീവൻ തിരിച്ചുകിട്ടി. മത്സ്യ കച്ചവടക്കാരനായ പുന്നപ്ര കുട്ടനാഥൻ പറമ്പിൽ ഗോപിയാണ് പൊലീസുകാരുടെ സമയോചിതമായ ഇടപെടലിലൂടെ അപകടനില തരണം ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയ പാത 66ൽ പുന്നപ്ര യു.പി സ്കൂളിന് സമീപമായിരുന്നു സംഭവം.
നിയന്ത്രണം തെറ്റിവന്ന മിനി ഗുഡ്സ് വാൻ, ഗോപിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സർവ്വീസ് റോഡിലെ കാനയുടെ സ്ളാബിലേക്കാണ് ഗോപി തെറിച്ചു വീണത്. തലയ്ക്ക് പരിക്കേറ്റു. എന്തുചെയ്യണമെന്നറിയാതെ വാൻ ഡ്രൈവറും ഓടികൂടിയ ആളുകളും സ്തംഭിച്ചു നിൽക്കുമ്പോഴാണ്
തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മാരും കാവുങ്കൽ സ്വദേശികളുമായ എൻ.എസ്.സോജുമോനും അനസും രാത്രി ഡ്യൂട്ടിക്കായി സ്കൂട്ടറിൽ അതുവഴി വന്നത്. അവർ നോക്കുമ്പോൾ ഗോപിയുടെ ശ്വാസവും സ്പന്ദനവും ഏതാണ്ട് നിലച്ചിരുന്നു. ഉടനെ തന്നെ ജോജുമോൻ അടിയന്തര ജീവൻ രക്ഷാ പ്രഥമ ശുശ്രൂഷ (സി.പി.ആർ) നൽകി. മൂന്നാമത്തെ സി.പി.ആറിൽ ഗോപി ശബ്ദത്തോടെ ദീർഘമായി ശ്വാസം എടുത്തു. ഹൃദയവും തുടിച്ചു തുടങ്ങി. പെട്ടെന്ന് കിട്ടിയ ഓട്ടോയിൽ ഗോപിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കോമാ കെയറിൽ പ്രവേശിപ്പിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെ ഗോപിക്ക് ബോധം തിരിച്ചു കിട്ടി. വിദഗ്ദ്ധ ചികിത്സ തുടരുകയാണ്. അങ്ങനെ, കാവുങ്കൽ സ്വദേശികളായ രണ്ട് സി.പി.ഒമാരുടെ സമയോചിതമായ ഇടപെടലിൽ ഒരു മനുഷ്യ ജീവനാണ് തിരികെ കിട്ടിയത്. സോജുമോന് സേനയിൽ നിന്ന് ലഭിച്ച സി.പി.ആർ പരിശീലനമാണ് ഇവിടെ ഗുണമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |