SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

തോട്ടപ്പള്ളി ഹാർബർ വികസനം: മാസ്റ്റർ പ്ളാൻ തയ്യാറാക്കും

ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാർബറിനെ ആധുനിക സൗകര്യങ്ങളോടുകൂടിയ, സുരക്ഷിതവും മനോഹരവുമായ മികച്ച മത്സ്യബന്ധന തുറമുഖമായി വികസിപ്പിക്കുന്നതിന് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ നിർദ്ദേശിച്ചു. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ചേർന്ന ഹാർബർ നവീകരണവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, ഇറിഗേഷൻ എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ വിശദമായ സാങ്കേതിക പഠനം നടത്തി സമഗ്ര പദ്ധതി അടിയന്തരമായി തയ്യാറാക്കി സമർപ്പിക്കണം. നിലവിലുള്ള ഹാർബറിന്റെ പരിമിതികൾ പരിഹരിക്കുന്നതിനൊപ്പം പൂർണ്ണമായ അടിസ്ഥാന സൗകര്യ വികസനം പദ്ധതിയുടെ ഭാഗമായി നടപ്പാക്കണം. ഹാർബറിനുള്ളിലെ റോഡുകളുടെ നവീകരണം, ശുചിമുറികളുടെ നിർമ്മാണവും ശാസ്ത്രീയ പരിപാലനവും, മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, വൈദ്യുതി-വെള്ള സൗകര്യങ്ങൾ, മാലിന്യസംസ്കരണം തുടങ്ങിയവ സമഗ്ര പദ്ധതിയിൽ ഉൾപ്പെടുത്തണം. പഴയ രീതിയിലുള്ള അറ്റകുറ്റപ്പണികൾക്കുപകരം ആധുനിക നിർമ്മാണ സാങ്കേതികവിദ്യയും നിലവാരമുള്ള നിർമ്മാണ രീതികളും സ്വീകരിച്ചുള്ള ദീർഘകാല പദ്ധതിയായിരിക്കണം ഹാർബർ നവീകരണം എന്ന് എം.എൽ.എ വ്യക്തമാക്കി. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് ഹാർബറിന്റെ ശേഷിയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്ന രീതിയിലായിരിക്കണം പദ്ധതി വിഭാവനം ചെയ്യേണ്ടത്. തോട്ടപ്പള്ളി ഹാർബറിന്റെ തീരദേശ ഭംഗിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര സാദ്ധ്യതകൾ കൂടി പരിഗണിച്ചുള്ള സൗന്ദര്യവൽക്കരണവും പദ്ധതിയുടെ ഭാഗമാക്കും.

ഒരു മണിക്കൂർ തോട്ടപ്പള്ളി ഹാർബർ മേഖല സന്ദർശിച്ചതിനുശേഷമാണ് യോഗം ചേർന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എ. ആർ. കണ്ണൻ സ്വാഗതം പറഞ്ഞു. ഹാർബർ എൻജിനീയറിംഗ് ചീഫ് എൻജിനീയർ ഗായ.കെ .പി , ഹാർബർ എൻജിനീയറിംഗ് എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ എം. പി തുടങ്ങിയവർ പങ്കെടുത്തു.

രക്ഷാപ്രവർത്തനം മുഖ്യം

 മത്സ്യബന്ധനമേഖലയ്ക്ക് പ്രയോജനപ്പെടുന്നതിനൊപ്പം പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾക്ക് കൂടി ഉത്തേജനം നൽകുന്ന തരത്തിൽ ഹാർബറിനെ വികസിപ്പിക്കും

 കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ റെസ്ക്യൂ ബോട്ട് സുരക്ഷിതമായി വിന്യസിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഹാർബറിൽ ഒരുക്കും

 ഫിഷറീസ് വകുപ്പിന്റെ ഫിഷറീസ് ആംബുലൻസ് ബോട്ടിന് ആവശ്യമായ സംവിധാനവും ഹാർബറിൽ സജ്ജീകരിക്കണം

 ആവശ്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയും തുടർനടപടികൾ വേഗത്തിലാക്കുകയും വേണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL