
തുറവൂർ: തുറവൂർ– പമ്പ പാതയുടെ ഭാഗമായ മാക്കേകടവ് – നേരേകടവ് പാലത്തിന്റെ അനുബന്ധ റോഡുകളിൽ ടാറിംഗ് തുടങ്ങി. പാലത്തോടനുബന്ധിച്ച മാക്കേകടവ്, നേരേകടവ് ഭാഗങ്ങളിലെ റോഡുകളിൽ എമൽഷൻ ചെയ്തശേഷമാണ് ടാറിംഗ് നടത്തുന്നത്. മൂന്ന് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ നേരേകടവ് ഭാഗത്തെ അനുബന്ധ റോഡാണ് ടാർ ചെയ്യുന്നത്. തുടർന്ന് പാലത്തിന്റെ ഭാഗവും ഒടുവിൽ മാക്കേകടവിലെ അനുബന്ധ റോഡുകളും ടാർ ചെയ്യും. ടാറിംഗ്പൂർത്തിയായശേഷം പാലത്തിലും റോഡിലും മാർക്കിംഗ് നടത്തും. പാലത്തിന്റെ കൈവരികളുടെ നിർമാണം, സ്ഥാപിക്കൽ, പെയിന്റിംഗ് എന്നിവ പൂർത്തിയായി. ഉദ്ഘാടനത്തിന് മുന്നോടിയായി ചില മിനുക്കുപണികൾ കൂടി പൂർത്തിയാക്കാനുണ്ട്.
ഒക്ടോബർ 10ന് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല ആലോചനകൾ നടക്കുന്നുണ്ടെങ്കിലും തീയതിക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 80 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശത്തും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ട്. തുറവൂർ–പമ്പ പാതയുടെ ഭാഗമായ മാക്കേകടവ്–നേരേകടവ് പാലത്തിന്റെ നിർമാണം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഏഴ് വർഷത്തോളം മുടങ്ങിക്കിടന്നിരുന്നു. വൈക്കം റോഡിലേക്കുള്ള അനുബന്ധ റോഡ് വീതികൂട്ടി നിർമ്മിക്കേണ്ടതുണ്ടെങ്കിലും പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് ഇത് തടസ്സമാകില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഉദ്ഘാടനം ഉടൻ
പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് തടസ്സമായിരുന്ന വൈദ്യുതി ലൈൻ, കേബിൾ വലിക്കൽ ജോലികളും കഴിഞ്ഞ ദിവസംപൂർത്തിയായി
പാലത്തിലും അനുബന്ധ റോഡുകളിലുമുള്ള കേബിൾ വലിക്കൽ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. കേബിൾ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു
അനുബന്ധ റോഡിൽ സ്ഥാപിച്ച വൈദ്യുതി കേബിളുകൾ റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്
പിന്നോട്ടെടുക്കുന്ന വാഹനങ്ങൾ കേബിളുകളിൽ തട്ടാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |