ആലപ്പുഴ : സംസ്ഥാനത്ത് മാലിന്യശേഖരണത്തിന് പുതിയൊരു വാതിൽ തുറന്നതോടെ എത്തിയത് ടൺ കണക്കിന് പാഴ്വസ്തുക്കൾ. ഹരിതകർമ്മസേനയുടെ ശേഖരണത്തിൽ ഉൾപ്പെടാത്ത അജൈവ മാലിന്യങ്ങൾ സ്വീകരിക്കുന്ന ഇക്കോ ബാങ്കിലൂടെ ഒരു വർഷത്തിനിടെ ശേഖരിച്ചത് 23.92 ടൺ മാലിന്യമാണ്. ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയിലൂടെയാണ് സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിൽനിന്നാണ് ഇത്രയും മാലിന്യം ശേഖരിച്ചത്. എല്ലാത്തരം അജൈവ മാലിന്യങ്ങളും ഹരിതകർമ്മസേനയുടെ പതിവ് ശേഖരണത്തിൽ ഉൾപ്പെടാറില്ല. ഇതോടെ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന പാഴ്വസ്തുക്കൾ പലപ്പോഴും ശരിയായ രീതിയിൽ സംസ്കരിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ട്. ഇവ നേരിട്ട് ഇക്കോ ബാങ്കിലെത്തിച്ച് കൈമാറാനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ഒരുക്കിയത്. ശേഖരിക്കുന്ന മാലിന്യങ്ങളിൽ പുനരുപയോഗിക്കാനും പുനഃചംക്രമണം ചെയ്യാനും കഴിയുന്നവ പ്രത്യേകം വേർതിരിച്ചാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.
ഒരു വർഷത്തിനിടെ ശേഖരിച്ച മാലിന്യത്തിൽ 19,904 കിലോഗ്രാം പുനരുപയോഗിക്കാൻ കഴിയാത്തവയാണ്. ഇവ സംസ്‌കരിക്കുന്നതിന് അധിക ചെലവ് ആവശ്യമാണ്. അതേസമയം 3,842 കിലോഗ്രാം പുനരുപയോഗിക്കാൻ കഴിയുന്ന മാലിന്യവും ശേഖരിച്ചു.പുനഃചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങൾക്ക് നിശ്ചിത വില നൽകുന്നതിനാൽ കൈമാറുന്നവർക്ക് തുകയും ലഭിക്കും. വിവിധ കേന്ദ്രങ്ങളിലായി ഇതുവരെ 21,235 രൂപ ഇത്തരത്തിൽ പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഇ മാലിന്യവും എത്തി
ടിവി, ഫ്രിഡ്ജ്, ഫാൻ തുടങ്ങിയ 110കിലോഗ്രാം ഇ മാലിന്യവും ഒരു വർഷത്തിനിടെ ഇക്കോ ബാങ്കുകൾ വഴി ശേഖരിച്ചു
ട്യൂബ്, ബൾബ്, എൽ.ഇ.ഡി തുടങ്ങിയ 67 കിലോഗ്രാം അപകടകരമായ മാലിന്യവും ലഭിച്ചു
സാധാരണ പാഴ്‌വസ്തുക്കൾക്കൊപ്പം ഇവയും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നത് പദ്ധതിയുടെ നേട്ടമാണ്
2025 ആഗസ്റ്റ് അവസാനമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സെപ്തംബർ ആദ്യത്തോടെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചു
ആലപ്പുഴ ജില്ലയിൽ കണിച്ചുകുളങ്ങരയിൽ
തിരുവനന്തപുരം മുട്ടത്തറ, കൊല്ലം മീയന്നൂർ, പത്തനംതിട്ട ഓമല്ലൂർ, ആലപ്പുഴ കണിച്ചുകുളങ്ങര, കോട്ടയം കൂരോപ്പട, ഇടുക്കി വഴിത്തല, എറണാകുളം ഏലൂർ, തൃശൂർ വേളക്കോട്, പാലക്കാട് എലപ്പുള്ളി, മലപ്പുറം കുറുവ, കോഴിക്കോട് ഫറോക്ക്, വയനാട് വരദൂർ, കണ്ണൂർ വളപട്ടണം, കാസർകോട് പാലായി എന്നിവിടങ്ങളിലാണ് ഇക്കോ ബാങ്ക് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |