
തുറവൂർ: ആലപ്പുഴ–കോട്ടയം ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ടാറിംഗ് പൂർത്തിയായി. തുറവൂർ–പമ്പ പാതയുടെ ഭാഗമായ പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും ടാറിംഗ് ആണ് പൂർത്തിയായത്. പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. പാലത്തിന്റെ കൈവരികളുടെ നിർമ്മാണവും വിളക്കുകൾ സ്ഥാപിക്കുന്നതും നേരത്തെ പൂർത്തിയായിരുന്നു. പെയിന്റിംഗ് പൂർത്തിയായെങ്കിലും മിനുക്കുപണികൾ അവശേഷിക്കുന്നുണ്ട്. 800 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലെയും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ട്. പാലം കാണുന്നതിനായി ധാരാളം ആളുകൾ എത്തുന്നുണ്ട്. എന്നാൽ, വാഹനഗതാഗതത്തിന് അനുമതി നൽകിയിട്ടില്ല. മാക്കേക്കടവ്–നേരേകടവ് ഫെറിയിലും മണപ്പുറം–ചെമ്മനാഗിരി ഫെറിയിലും ചങ്ങാട സർവീസ് തുടരുന്നുണ്ട്.
7വർഷത്തെ കാത്തിരിപ്പിന് വിരാമം
സ്ഥലമെടുപ്പിനെത്തുടർന്ന് പാലത്തിന്റെ നിർമ്മാണം ഏഴ് വർഷത്തോളം മുടങ്ങിക്കിടന്നിരുന്നു. പിന്നീട് നിർമ്മാണം പുനരാരംഭിച്ച് പൂർത്തീകരിക്കുകയായിരുന്നു. തൈക്കാട്ടുശ്ശേരി–തുറവൂർ പാലത്തിന്റെ നിർമ്മാണം വർഷങ്ങൾക്ക് മുമ്പ് പൂർത്തിയായ സാഹചര്യത്തിൽ മാക്കേക്കടവ്–നേരേകടവ് പാലം കൂടി തുറക്കുന്നതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാകും. എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്ന് തുറവൂർ വഴി എത്തുന്നവർക്ക് കോട്ടയം ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പാലം സൗകര്യപ്രദമാകും. പ്രദേശത്തിന്റെ ഗതാഗത, വിനോദസഞ്ചാര മേഖലകളിലെ പുതിയ സാദ്ധ്യതകൾക്കും വഴിതുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |