SignIn
Kerala Kaumudi Online
Monday, 05 October 2026 3.00 AM IST

പുത്തൻ ഉണർവിൽ വിനോദ സഞ്ചാരം

ആലപ്പുഴ: ഗ്ളോബൽ വാട്ടർ വണ്ടർലാന്റ് ടൂറിസം പദ്ധതികൾ പുരോഗമിക്കുന്ന ആലപ്പുഴയിൽ ടൂറിസ്റ്റ് സീസണിന് ആവേശത്തുടക്കം. നെഹ്രു ട്രോഫി ,​ ചാമ്പ്യൻസ് ലീഗ് ജലോത്സവങ്ങൾക്ക് പിന്നാലെ ആലപ്പുഴയുടെ തീര സൗന്ദര്യവും ആസ്വദിക്കാനും പരമ്പരാഗത വിഭവങ്ങളും ആസ്വദിക്കാനായി വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. നവരാത്രി,​ ദീപാവലി അവധികൾ ലക്ഷ്യമിട്ട് ഹോം സ്റ്റേകളിലും ഹോട്ടലുകളിലും ബുക്കിംഗ് സജീവമായി. ഈമാസം 17ന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന പിറവം ജലോത്സവം,​ 24ന് കോട്ടയം മീനച്ചിലാറ്റിൽ നടക്കുന്ന താഴത്തങ്ങാടി ജലോത്സവം എന്നിവ കണക്കാക്കിയാണ് ആഭ്യന്തര ടൂറിസ്റ്റുകളുൾപ്പെടെ വിനോദ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനിടെ പൂജാ അവധി ദിവസങ്ങൾ കൂടി കടന്നുവരുന്നതിനാൽ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടാകുമെന്നാണ് ടൂർ ഓപ്പറേറ്റർമാരും കെ.ടി.ഡി.സിയും നൽകുന്ന സൂചന. ടൂറിസം സീസൺ എത്തും മുമ്പേ കായൽസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറി. മത്സരവള്ളംകളി കാണാനും കായൽ യാത്ര ആസ്വദിക്കാനുമായി ഹൗസ് ബോട്ടുകളും ഹോട്ടലുകളും ഇതിനകം തന്നെ ബുക്കിംഗ് ആയിക്കഴിഞ്ഞു. ഏജൻസികളുടെ ടൂർ പാക്കേജ് വഴിയെത്തുന്ന സഞ്ചാരികളാണ് ഇവരിൽ അധികവും. സ്പെയിൻ, യു.കെ, യു.എ.ഇ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മുന്നിൽ. മഴയെ തുടർന്നുണ്ടായ പ്രതിസന്ധി ഓണസീസണിൽ സഞ്ചാരികളുടെ വരവ് കുറച്ചെങ്കിലും വരുംദിവസങ്ങളിൽ ഇത് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന

#തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര സഞ്ചാരികൾ കൂടുതലായി ആലപ്പുഴയിലെത്തുന്നുണ്ട്. പൂജ അവധിക്ക് വരവ് ഇനിയും കൂടാൻ സാദ്ധ്യത

# ഇറ്റലി, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ജലഗതാഗതവകുപ്പിന്റെ വേഗ ബോട്ട്, സീ കുട്ടനാട് എന്നിവയ്‌ക്കൊപ്പം വാട്ടർടാക്‌സിക്കും നല്ല ഡിമാന്റാണ്

#നെഹ്രുട്രോഫിവള്ളം കളിയോടെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൗസ്ബോട്ട് ഉടമകളും ടൂറിസം സംരംഭകരും

# ആലപ്പുഴ, വലിയഴീക്കൽ, തോട്ടപ്പള്ളി, മാരാരി, തൈക്കൽ, അന്ധകാരനഴി ബീച്ചുകളിലും അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത

#സീസണിന്റെ തുടക്കമായതിനാൽ സഞ്ചാരികൾക്ക് നിരക്ക് ഇളവുൾപ്പെടെ വലിയ ഓഫറുകളാണ് ബോട്ട്,​ ഹോംസ്റ്റേ സർവീസുകാർ നൽകുന്നത്

കൊവിഡിന് ശേഷം വിനോദ സഞ്ചാരമേഖല മെച്ചപ്പെട്ടുവരുന്നതിനിടെയാണ് പശ്ചിമേഷ്യൻ യുദ്ധം ഭീഷണിയായത്. സീസൺ ആരംഭിച്ചതോടെ ബുക്കിംഗ് ഉയർന്നിട്ടുണ്ട്. പൂജ അവധി ദിവസങ്ങളിൽ വലിയ തോതിൽ ടൂറിസ്റ്റുകൾ എത്തിച്ചേരുമെന്നാണ് കരുതുന്നത്

-ഡി.ടി.പി.സി,​ ആലപ്പുഴ

ജില്ലയിൽ

സഞ്ചാരികൾ

ദിവസം : 3500- 4500

അവധി ദിവസം : 5000- 6500

വിദേശികൾ (കഴിഞ്ഞമാസം)​ : 3000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL