ആലപ്പുഴ: സ്വന്തം വീട് നഷ്ടപ്പെടുമോയെന്ന ഭയത്തിൽ, അപകടത്തിൽ കാലൊടിഞ്ഞ് കിടക്കുന്ന പിതാവും സഹോദരിയും ഉൾപ്പടെ പ്രതിസന്ധികളുടെയും പ്രരാബ്ധങ്ങളുടെയും അന്തരീക്ഷത്തിടയിൽ നിന്ന് സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് ചുവടുവയ്ക്കുകയാണ് മുഹമ്മ മറ്റത്തിൽ വീട്ടിൽ ആർഷകല. നീറ്റ് പരീക്ഷയിൽ ഉയർന്ന സ്കോർ നേടിയ ആർഷകല എന്ന ചിന്നുവിന് കൊല്ലം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുഹമ്മ ഗ്രാമം. രണ്ടാം ശ്രമത്തിലാണ് എം.ബി.ബി.എസ് സീറ്റ് നേടാനായത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ടറിഞ്ഞ് വളർന്ന ആർഷകലയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കമാണ്. ആര്യക്കര സ്കൂളിൽ നിന്ന് ഫുൾ എ പ്ലസോടെ പ്ലസ് ടു വിജയിച്ച ആർഷ, രണ്ട് വർഷമായി പാലായിലെ എൻട്രൻസ് കോച്ചിംഗ് കേന്ദ്രത്തിൽ പരിശീലനത്തിലായിരുന്നു. പിതാവ് ഷാജിമോൻ (ഭദ്രൻ) ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം പോറ്റുന്നത്. വീട്ടമ്മയായ സി.സുനിതയാണ് അമ്മ.മൂത്ത സഹോദരി ആര്യകല നഴ്സിംഗ് പഠനം പൂർത്തിയാക്കി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എൻ.എച്ച്.എമ്മിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു.
കിടപ്പാടം ജപ്തി ഭീഷണിയിൽ
വീട് പണിക്ക് വേണ്ടി വർഷങ്ങൾക്ക് മുമ്പെടുത്ത വായ്പ ഇന്ന് കിടപ്പാടം നഷ്ടപ്പെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. എട്ട് മാസം മുമ്പുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഷാജിമോൻ നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ജോലിക്ക് പോകാൻ സാധിക്കാതെ വീട്ടിലുണ്ട്.ഇതിനിടെ മൂന്ന് മാസം മുമ്പ് സഹോദരി ആര്യകലയ്ക്കും വാഹനാപകടത്തിൽ കാലിന് പരിക്കേറ്റു. എല്ലിന് പൊട്ടലുള്ള ആര്യയും വീട്ടിൽ വിശ്രമത്തിലാണ്. ഇതോടെ വരുമാനം നിലച്ച കുടുംബം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പിന്തുണയിൽ മുന്നോട്ട് പോകവേയാണ് ജീവതത്തിലേക്ക് വെളിച്ചം പകർന്നുകൊണ്ട് ആർഷകലയ്ക്ക് എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ചത്. പഠനച്ചെലവടക്കം വലിയ പ്രതിസന്ധികൾ മുന്നിലുണ്ട്. എങ്ങനെയും പഠിച്ച് തന്റെ കുടുംബത്തെ കരകയറ്റണമെന്ന നിശ്ചയദാർഢ്യത്തിലാണ് ആർഷകല. അതിന് സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |