ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകയായ 13 കാരിയുടെ ജാമ്യാപേക്ഷയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനം ഇന്നുണ്ടായേക്കും. തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ ഹിയറിംഗ് പൂർത്തിയാക്കിയ ബോർഡ് ഉത്തരവ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്ന് നിയോഗിച്ച അഭിഭാഷകനാണ് പെൺകുട്ടിയ്ക്കായി ഹാജരായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് ആൺകുട്ടികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിൽ പെൺകുട്ടിയുടെ അപേക്ഷയും പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിൽ പെൺകുട്ടിയ്ക്കായി വീട്ടുകാരോ ബന്ധുക്കളോ എത്തിച്ചേരാത്ത സാഹചര്യത്തിൽ തുടർപഠനവും സംരക്ഷണവുമുൾപ്പെടെയുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം ജാമ്യ ഉത്തരവിലുണ്ടാകുമെന്നാണ് കരുതുന്നത്. ആഗസ്റ്റ് 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതിനിവാസിൽ ശിവൻകുട്ടിചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്. തനിക്ക് മൊബൈൽഫോണും ആൺ സുഹൃത്തിന് ആഡംബര ബൈക്കും വാങ്ങാൻ പെൺകുട്ടിയാണ് കവർച്ചയും കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |