ആലപ്പുഴ: വിത പൂർത്തിയാക്കേണ്ട സമയമായിട്ടും വിത്ത് ലഭ്യമാക്കാൻ നടപടിയില്ലാത്തതിൽ കുട്ടനാട്ടിൽ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. പുഞ്ചകൃഷി തന്നെ അസാദ്ധ്യമാക്കും വിധത്തിൽ വിത്ത് വിതരണം താറുമാറായിരിക്കുകയാണ്.
ഈ ആഴ്ച വിത തീരുമാനിച്ചിരുന്ന പാടങ്ങളിൽ പലയിടത്തും പകുതിവിത്തുപോലും എത്തിക്കാൻ കഴിയാതായിട്ടും സംഭവത്തെപ്പറ്റി അന്വേഷിക്കാനോ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ കൃഷിവകുപ്പോ സർക്കാരോ തയ്യാറായിട്ടില്ല. പുളിങ്കുന്ന്, കാവാലം, നീലമ്പേരൂർ, ചമ്പക്കുളം തുടങ്ങിയ കൃഷി ഭവൻ പരിധികളിലെ ഹെക്ടർ കണക്കിന് സ്ഥലത്തെ നെൽകൃഷിയാണ് വിത്ത് ക്ഷാമത്താൽ അവതാളത്തിലായത്. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ പ്രധാന പാടങ്ങളിലൊന്നായ അയ്യനാട് പാടത്ത് 2ട്രക്ക് നെൽവിത്ത് എത്തിക്കേണ്ടിടത്ത് 1ട്രക്കാണ് ഇന്നലെ എത്തിയത്. ഇത് ഇന്നലെ വൈകുന്നേരത്തോടെ വിതരണം ചെയ്തെങ്കിലും ശേഷിക്കുന്ന ഒരു ട്രക്ക് കൂടി എത്തിയാലേ വിത പൂർത്തിയാക്കാനാകുകയുള്ളൂ.
നീലമ്പേരൂർ കൃഷി ഭവൻ പരിധിയിൽ തെക്കേ മേച്ചേരി വാക്കയുൾപ്പെടെ പ്രധാന പാടങ്ങളിലൊന്നും നെൽവിത്ത് ഇനിയും ലഭിച്ചിട്ടില്ല. ആര്യാടൻ , കാഞ്ഞിരക്കോണം, വാലടിപ്പാടം തുടങ്ങി വിതയ്ക്കൊരുങ്ങിയ ചെറിയ പാടങ്ങളിലും വിത്ത് കിട്ടിയിട്ടില്ല. അഞ്ചുദിവസത്തിനകം നെൽവിത്ത് വിതരണം പൂർത്തിയാക്കുമെന്നാണ് കൃഷി വകുപ്പ് മന്ത്രി അവസാനമായി പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത ആഴ്ച അവസാനത്തോടെ വിത്ത് ലഭിച്ചാലും അത് ശുദ്ധമാക്കി കുതിർത്ത് എടുക്കുമ്പോൾ നവംബർ പകുതിയെങ്കിലുമാകും.
കിട്ടിയതിൽ പതിരും മാലിന്യവും
കഴിഞ്ഞദിവസങ്ങളിൽ തിടുക്കത്തിൽ എത്തിച്ച വിത്ത് കുതിർക്കാനായിട്ടപ്പോൾ വൻതോതിൽ പതിരുംവൈക്കോൽ അവശിഷ്ടങ്ങളുംനീക്കം ചെയ്യേണ്ടി വന്നു
ശരിയായ വിധത്തിൽ സംഭരിച്ച് സംസ്കരിക്കാത്ത നെൽവിത്തിനൊപ്പം കലർന്നിട്ടുള്ള കളവിത്തുകൾ കുട്ടനാട്ടിലെ കൃഷി പൂർണമായും നശിപ്പിക്കാനിടയാക്കും
വരിനെല്ലുൾപ്പെടെ പാടങ്ങളിലെത്തുന്നതിന് പ്രധാന കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത് വിത്ത് സംസ്കരണത്തിലെ അലംഭാവമാണ്
വിതയ്ക്ക് സജ്ജമാക്കിയ പാടത്ത് നെല്ലിനൊപ്പം കളകളും കിളിർത്താൽ നെൽച്ചെടികളുടെ വളം പിടിച്ചെടുക്കാനും നെൽച്ചെടികൾ ശോഷിക്കാനും കാരണമാകും.
വിത്ത് ലഭിക്കുന്നതിലെ കാലതാമസം വിലപ്പെട്ട കൃഷിസമയം നഷ്ടമാക്കി. പാടം ഒരുക്കിയശേഷം വിത വൈകുന്നത് വീണ്ടും കളകൾ കിളിർക്കാനിടയാക്കും. നിലം വീണ്ടും ഒരുക്കേണ്ടിവരുന്നത് അധിക കൃഷിച്ചെലവ് വരുത്തിവയ്ക്കും. ഗുണനിലവാരമുള്ള വിത്ത് കാലതാമസം കൂടാതെ വിതരണം ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കർഷകർ തയ്യാറാകും
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |