ആലപ്പുഴ : കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കായംകുളം എൻ.ടി.പി.സി താപവൈദ്യുതനിലയം വികസിപ്പിക്കുന്നതിനുള്ള സമഗ്രപദ്ധതി ഒരുമാസത്തിനകം സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന ഊർജ്ജ സെക്രട്ടറിമാർക്കും എൻ.ടി.പി.സി ചെയർമാനും നിർദേശം നൽകിയതായി പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയർമാൻ കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. കേരളത്തിന് ആവശ്യമായ വൈദ്യുതി,താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കേണ്ടത്. ഒരു മാസത്തിനകം പദ്ധതി സമർപ്പിച്ചില്ലെങ്കിൽ എൻ.ടി.പി.സിക്ക് കൈമാറിയ ഭൂമി തിരിച്ചെടുത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കണമെന്നാണ് പി.എ.സി മുന്നോട്ടുവെച്ച നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പി.എ.സി ചെയർമാന്മാരുടെ ദേശീയ സമ്മേളനത്തിന്റെയും കേരളത്തിലെ പഠനപര്യടനത്തിന്റെയും ഭാഗമായി കുമരകത്ത് നടന്ന യോഗങ്ങൾക്കുശേഷം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം വികസനത്തിൽ വർക്കല ശിവഗിരി സ്വദേശ് ദർശൻ പദ്ധതിയുടെ പൂർത്തീകരണമാണ് പ്രധാനമായും ഉയർന്നുവന്നത്. 2019-ൽ കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ച പദ്ധതി ഏഴു വർഷമായിട്ടും പൂർത്തിയായിട്ടില്ല. തടസ്സങ്ങൾ പരിഹരിച്ച് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കാൻ തീരുമാനിച്ചതായി കമ്മിറ്റി മുമ്പാകെ അറിയിച്ചിട്ടുണ്ട്. പരമ്പരാഗതമായി വിനോദസഞ്ചാരികൾ എത്തുന്ന വയനാട്, വർക്കല, കൊല്ലം, തേക്കടി തുടങ്ങിയ കേന്ദ്രങ്ങൾക്കൊപ്പം അധികം ശ്രദ്ധിക്കപ്പെടാത്തതും വലിയ ടൂറിസം സാദ്ധ്യതകൾ നിലനിൽക്കുന്നതുമായ പ്രദേശങ്ങൾക്കും വികസന പദ്ധതികളിൽ മുൻഗണന നൽകണം. പാതിരാമണൽ ഇതിന് മികച്ച ഉദാഹരണമാണ്. വിനോദസഞ്ചാരികൾക്ക് ഗുണമേന്മയുള്ള താമസസൗകര്യങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കേണ്ടത് ടൂറിസം വികസനത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലുകളും റിസോർട്ടുകളും ഈടാക്കുന്ന അമിത നിരക്കുകൾ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ സംവിധാനം വേണം. പുന്നമടയിലെ സായി വാട്ടർ സെന്ററും പി എ സി സംഘം സന്ദർശിച്ചു. ജില്ലാ കളക്ടർ ഷാജി വി.നായർ, ജില്ലാ പൊലീസ് ചീഫ് വിഷ്ണുപ്രതീപ്, എ.ഡി.എം സി.പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.
ഒരുമാസത്തിനുള്ളിൽ പദ്ധതി വേണം,
ഇല്ലെങ്കിൽ ഭൂമി തിരിച്ചെടുക്കണം
എൻ.ടി.പി.സി പ്ലാന്റിനായി കേരളം1100ഏക്കർ ഭൂമിയാണ് നൽകിയിട്ടുള്ളത്. ഇവിടെനിന്ന് കേരളത്തിന് പ്രയോജനകരമായ രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല
പ്രതിവർഷം 100 കോടിയോളം രൂപ കേരളം എൻ.ടി.പി.സിക്ക് നൽകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വൈദ്യുതി ലഭിക്കുന്നില്ല.വൈദ്യുതി നിരക്കും താങ്ങാനാവുന്നതല്ല.
ഈ സാഹചര്യത്തിലാണ് കേന്ദ്ര ഊർജ്ജ സെക്രട്ടറി, സംസ്ഥാന പവർ സെക്രട്ടറി, എൻ.ടി.പി.സി ചെയർമാൻ എന്നിവർ സംയുക്തമായി പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ചത്
പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്നതിനുള്ള ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങളും ഉൾപ്പെടുത്തണം
ആലപ്പുഴയിലെ കനാലുകളെയും കായലുകളെയും ബന്ധിപ്പിക്കുന്ന നൂറുകോടിയിലധികം രൂപയുടെ ടൂറിസം പദ്ധതിയിൽ എ.എസ് കനാലിനെ കൂടി ഉൾപ്പെടുത്തി സൗന്ദര്യവൽക്കരിക്കാനും പാതിരാമണലിന്റെ വികസനസാധ്യതകൾ പഠിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും നിർദേശിച്ചിട്ടുണ്ട്
- കെ.സി.വേണുഗോപാൽ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |