SignIn
Kerala Kaumudi Online
Sunday, 08 November 2026 9.24 PM IST

വയലാർ–പള്ളിപ്പുറം ഇൻഫോപാർക്ക് പാലം,​ പുതിയ വിജ്ഞാപനം ഉടൻ

jkhjkh

തുറവൂർ: വയലാർ കവലയിൽ നിന്ന് നാഗംകുളങ്ങര വഴി പള്ളിപ്പുറം ഇൻഫോപാർക്കിലേക്ക് നേരിട്ട് ഗതാഗത സൗകര്യമൊരുക്കുന്ന വയലാർ–പള്ളിപ്പുറം പാലം പദ്ധതിയുടെ സ്ഥലമെടുപ്പിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനം. നേരത്തെയുണ്ടായിരുന്ന വിജ്ഞാപനം റദ്ദാക്കിയാണ് പുതിയത് പുറപ്പെടുവിക്കുന്നത്. സ്ഥലവിലയിലുണ്ടായ മാറ്റം, പാലത്തിന്റെ അലൈൻമെന്റിലെ ചെറിയ വ്യത്യാസങ്ങൾ, മുൻ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചത് എന്നിവ പരിഗണിച്ചാണ് നടപടി.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് മന്ത്രിയുമായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നടത്തിയ ചർച്ചയിലാണ് സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായത്. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കളക്ടറേറ്റിൽ ചേർന്ന കിഫ്ബി പദ്ധതികളുടെ അവലോകന യോഗത്തിലും വയലാർ–പള്ളിപ്പുറം ഇൻഫോപാർക്ക് പാലം ചർച്ചയായി. ഇതോടെയാണ് പാലത്തിന്റെ നിർമ്മാണ നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായത്.

2019ലെ സംസ്ഥാന ബഡ്‌ജറ്റിലാണ് അരൂർ മണ്ഡലത്തിലെ പള്ളിപ്പുറം, ഇൻഫോപാർക്ക് പ്രദേശത്തെയും ചേർത്തല മണ്ഡലത്തിലെ വയലാർ നാഗംകുളങ്ങര കായൽക്കടവിനെയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കാൻ കിഫ്ബി വഴി 100 കോടി രൂപ അനുവദിച്ചത്. തുടർന്ന് 94.18 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു.

പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് അതിർത്തി നിർണയിച്ച് കല്ലിടൽ, മണ്ണുപരിശോധന തുടങ്ങിയ പ്രാഥമിക നടപടികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. കിഴക്കുഭാഗത്ത് 137 സെന്റും പടിഞ്ഞാറുഭാഗത്ത് 186 സെന്റും ഉൾപ്പെടെ ഏറ്റെടുക്കാനാണ് ധാരണയായിട്ടുള്ളത്.എൻ.എസ്.എസ്. കോളേജ് കവല മുതൽ ദേശീയപാതയിൽ വയലാർ കവല വരെയുള്ള റോഡ് നവീകരിക്കാനും പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.

വികസന സാദ്ധ്യതകൾ തുറക്കും

# പാലം യാഥാർഥ്യമാകുന്നതോടെ ദേശീയപാതയിലെ വയലാർ കവലയിൽനിന്ന് നാഗംകുളങ്ങര വഴി പള്ളിപ്പുറം ഇൻഫോപാർക്കിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഇതോടെ ഇൻഫോപാർക്കിന്റെ വികസനത്തിനും വയലാർ പ്രദേശത്തിന്റെ സാമ്പത്തിക, വാണിജ്യ വളർച്ചയ്ക്കും പുതിയ സാദ്ധ്യതകൾ തുറക്കും

# 650 മീറ്റർ നീളത്തിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.പള്ളിപ്പുറം ഇൻഫോപാർക്കിന്റെ വികസനത്തിനും കൂടുതൽ കമ്പനികളെയും തൊഴിലാളികളെയും ഇവിടേക്ക് ആകർഷിക്കാനും യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനും പദ്ധതിയിലൂടെ സാധിക്കും

# കാടുകയറിക്കിടക്കുന്ന വയലാറിലെ നാഗംകുളങ്ങര കടവ് പ്രദേശം നവീകരിച്ച് പാർക്ക്, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയും വയലാർ പഞ്ചായത്ത് ആവിഷ്കരിക്കുന്നുണ്ട്. വിശ്രമ-വിനോദ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്ന് വയലാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി നായർ പറയുന്നു

# വയലാർ കവല,​ നാഗംകുളങ്ങര,​ പള്ളിപ്പുറം ഇൻഫോപാർക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ ഗതാഗത, വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

കിഫ്ബി

അനുവദിച്ചത്

100 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL