SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

മഴയ്‌ക്ക് നേരിയ ശമനം കുട്ടനാട്ടിൽ ആശ്വാസം

ആലപ്പുഴ: ന്യൂനമർദ്ദത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തകർത്തുപെയ്ത മഴയ്ക്ക് നേരിയ ശമനം വന്നതോടെ,​ കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ കൊയ്ത്ത് സാധാരണനിലയിലേക്ക്. വെള്ളം കാരണം കൊയ്ത്ത് വൈകിയ നെടുമുടി, കൈനകരി, നീലമ്പേരൂർ, പുളിങ്കുന്ന് തുടങ്ങിയ പാടങ്ങളിൽ ഇന്നലെ മുതൽ കൊയ്ത്ത് സാധാരണ നിലയിലായി. കാര്യമായ പതിരോ,​ കറുകലോ ഇല്ലാത്തതിനൊപ്പം കഴിഞ്ഞ ദിവസം സർക്കാർ നെല്ലിന്റെ സംഭരണവില പ്രഖ്യാപിക്കുകയും (കിലോയ്ക്ക് 31രൂപ) ചെയ്തതോടെ സംഭരണത്തിൽ മില്ലുകാരും സജീവമായി. പാടങ്ങളിൽ മഴവെള്ളം നിറഞ്ഞതും നെൽച്ചെടികളിലെ ഈർപ്പവും കൊയ്ത്ത വൈകാൻ കാരണമായിരുന്നു. മഴ കാരണം നെൽച്ചെടികളിലെ നനവ് മാറിയശേഷം താമസിച്ചാണ് പാടങ്ങളിൽ കൊയ്ത്ത് മെഷീൻ ഇറക്കിയിരുന്നത്. ഇത് കാരണം പല പാടങ്ങളിലും സമയക്രമം അനുസരിച്ച് വിളവെടുക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ രണ്ട് ഡസനിലധികം മില്ലുകളാണ് ആലപ്പുഴയിൽ നെല്ല് സംഭരണത്തിനെത്തിയിട്ടുള്ളത്. കൊയ്ത്ത് കഴിയുന്ന മുറയ്ക്ക് പാടങ്ങളിൽ നിന്ന് നെല്ല് ലോറികളിൽ കയറി പോകുന്നതിനാൽ മഴയെ ഭയക്കാതെയും പാടത്ത് നെല്ല് സൂക്ഷിക്കുമ്പോഴുള്ള കഷ്ടപ്പാട് ഒഴിഞ്ഞതിന്റെയും ആശ്വാസത്തിലാണ് കർഷകർ.

വിത്ത് വിതരണം സജീവം

1.പുഞ്ചകൃഷിക്കാവശ്യമായ വിത്ത് വൈകിയതിനെതിരെ കർഷകരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കുട്ടനാട്ടിൽ വിത്ത് വിതരണവും സജീവമായി. ഇന്നും നാളെയുമായി മുഴുവൻ പാടശേഖരങ്ങളിലും വിത്ത് എത്തിക്കും

2. അവധി ദിവസങ്ങളായിരുന്നിട്ടും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കുട്ടനാട്ടിലെ കൃഷി ഓഫീസുകളിൽ കൃഷി വകുപ്പ് ജീവനക്കാരെത്തി വിത്ത് വിതരണത്തിന് നേതൃത്വം നൽകിയിരുന്നു

3.കേരള സീഡ് ഡവലപ്മെന്റ് അതോറിട്ടി, കേരള കാർഷിക സർവകലാശാല , സർക്കാർ ഫാമുകൾ, നാഷണൽ സീഡ് കോർപ്പറേഷൻ എന്നിവ മുഖേനയാണ് മുമ്പ് കുട്ടനാട്ടിലുൾപ്പെടെ നെൽവിത്ത് വിതരണം ചെയ്തിരുന്നത്.

4.എന്നാൽ,​ സീഡ് ഡവലപ്മെന്റ് അതോറിട്ടിയുടെ വിത്ത് സംസ്‌കരണ മെഷീൻ തകരാറിലായതോടെ ആർ.എസ്.ജി.പി പദ്ധതി വഴി കർഷകരിൽ നിന്ന് സംഭരിച്ച വിത്താണ് ഇപ്പോൾ വിതരണത്തിനെത്തിച്ചിരിക്കുന്നത്.

5.ലഭ്യമായ വിത്തിൽ കിളിർപ്പിലുൾപ്പെടെ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് കർഷകർ നൽകുന്ന സൂചന. ഇന്നും നാളെയുമായി വിതരണം പൂർത്തിയായാൽ നവംബർ മൂന്നാം വാരത്തോടെ വിത പൂർത്തിയായേക്കും

നെല്ലിന്റെ സംഭരണ വില പ്രഖ്യാപിക്കുകയും വിത്ത് എത്തുകയും ചെയ്തതോടെ പ്രതിസന്ധികൾക്ക് പരിഹാരമായിട്ടുണ്ട്. വൃശ്ചിക വേലിയേറ്റം കണക്കിലെടുത്ത് തോട്ടപ്പള്ളി, തണ്ണീർമുക്കം ഷട്ടറുകൾ കൂടി ക്രമീകരിച്ചാൽ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും

- ലാലിച്ചൻപള്ളിവാതുക്കൽ, നെൽകർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL