ഹരിപ്പാട്: അഞ്ചര വർഷത്തെ ഇടവേളയ്ക്കുശേഷം കായംകുളം താപനിലയത്തിൽ വൈദ്യുതി ഉത്പാദിപ്പിച്ചു. മെഥനോൾ ഇന്ധനമാക്കിയുള്ള പരീക്ഷണത്തിന്റെ ഭാഗമായി ഏകദേശം 3.5 മണിക്കൂർ മെഥനോൾ ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിക്കുകയും പരമാവധി 40 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷി കൈവരിക്കുകയും ചെയ്തു. എൻ.ടി.പി.സി കായംകുളത്തെ ഗ്യാസ് ടർബൈൻ-2 (ജിടി-2) വിജയകരമായി ഗ്രിഡുമായി സമന്വയിപ്പിച്ചതിലൂടെ നിലയം ശ്രദ്ധേയമായ ചരിത്രനേട്ടം കൈവരിച്ചു.രണ്ട് വർഷം മുമ്പ് മെഥനോൾ ഇന്ധനമാക്കാനുള്ള പരീക്ഷണം കായംകുളം എൻ.ടി.പി.സിയിൽ ആരംഭിച്ചിരുന്നു.
മെഥനോൾ അധിഷ്ഠിത വൈദ്യുതി ഉൽപ്പാദനത്തിന്റെ സാങ്കേതിക സാധ്യതയും പ്രായോഗികതയും പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു. അഞ്ച് വർഷത്തോളം പ്രവർത്തനരഹിതമായി തുടർന്നിട്ടും യൂണിറ്റിന്റെ പ്രവർത്തനക്ഷമതയും യന്ത്രങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കാൻ കഴിഞ്ഞത് എൻ.ടി.പി.സിയിലെ ജീവനക്കാരുടെയും എൻജിനീയർമാരുടെയും അർപ്പണബോധത്തിന്റെയും സാങ്കേതിക മികവിന്റെയും ഉദാഹരണമാണ്.
വിജയകരമായ മെഥനോൾ പരീക്ഷണം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതി ഉൽപ്പാദനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. നഗര ഖരമാലിന്യങ്ങളിൽ നിന്ന് മെഥനോൾ ഉത്പ്പാദിപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ, ശുദ്ധമായ ഊർജ്ജോൽപ്പാദനത്തിനൊപ്പം മാലിന്യ സംസ്കരണത്തിനും പുതിയ സാധ്യതകൾ തുറക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.
എൻ.ടി.പി.സി കായംകുളം പ്രോജക്ട് മേധാവി അസുതോഷ് ബിശ്വാസിന്റെ നേതൃത്വത്തിൽ നിലയത്തിലെ ജീവനക്കാർ, എൻജിനിയർമാർ, സാങ്കേതിക വിദഗ്ദ്ധർ, എൻ.ടി.പി.സിയുടെ വിവിധ നിലയങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായാണ് ചരിത്രനേട്ടം യാഥാർത്ഥ്യമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |