
ഹരിപ്പാട്: മരണാനന്തര ചടങ്ങുകളുടെ ആർഭാടം ഒഴിവാക്കി, തുക പിതാവിന്റെ ഓർമ്മക്കായി റോഡ് നവീകരിച്ച് കുടുംബം. തൃക്കുന്നപ്പുഴ നാലാം വാർഡിൽ വലിയ വലിയപറമ്പ് കട്ടത്തറ വീട്ടിൽ സുഗതന്റെ (74) വിയോഗത്തിലും സമൂഹത്തിന് നന്മയേകുന്ന മാതൃകാ തീരുമാനം കുടുംബം കൈക്കൊള്ളുകയായിരുന്നു . അർബുദ രോഗബാധിതനായി കഴിഞ്ഞ മൂന്നിനാണ് സുഗതൻ മരിച്ചത്. തുടർന്ന്
മരണാനന്തര ചടങ്ങുകളുടെ ആർഭാടം ഒഴിവാക്കി, വീടിനു സമീപത്തെ പറമ്പിക്കടവ് - എസ്.എൻ.ഡി.പി ജംഗ്ഷൻ റോഡ് സുഗതന്റെ കുടുംബം സഞ്ചാരയോഗ്യമാക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ റോഡിനായി സ്ഥലം വിലയ്ക്ക് വാങ്ങി പൊതുജനങ്ങൾക്ക് വഴിയൊരുക്കിയതും സുഗതനായിരുന്നു. അക്കാലത്തെ ആദ്യ കോൺക്രീറ്റ് റോഡുകളിലൊന്നായിരുന്നു ഇത്. എന്നാൽ, പിന്നീട് അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ കോൺക്രീറ്റ് തകർന്നും ഇളകിയും റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഇതോടെ നാട്ടുകാർ യാത്രാദുരിതത്തിലായി. ഇതിനാണ് ഇപ്പോൾ മാതൃകാപരമായ പരിഹാരമുണ്ടായിരിക്കുന്നത്.
ചെലവ് അമ്പതിനായിരം
നൂറോളം കുടുംബങ്ങളുടെ ആശ്രയമാണ് പറമ്പിക്കടവ് - എസ്.എൻ.ഡി.പി ജംഗ്ഷൻ റോഡ്. ഇത് തകർന്നതോടെ യാത്ര ദുഷ്ക്കരമായി. പാത ഗ്രാവൽ ഉപയോഗിച്ച് നിരപ്പാക്കുകയാണ് സുഗതന്റെ കുടുംബം ആദ്യം ചെയ്തത്. തുടർന്ന് മെറ്റലും എം സാന്റും ചേർത്ത് കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കി. ഇതിനായി 50,000 രൂപയോളം ചെലവായി.പരേതനായ സുഗതന്റെ ഭാര്യ സുലോചന, മകൾ ഗ്ലിനി, മരുമകൻ അവിനാഷ് പിങ്കു, ചെറുമക്കളായ തീർത്ഥ, തനിഷ എന്നിവർ ചേർന്നാണ് സമൂഹത്തിന് മാതൃകയാകുന്ന തീരുമാനം കൈക്കൊണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |