ആലപ്പുഴ: മരുന്നുകൾക്ക് വില നിശ്ചയിക്കുന്ന, നാഷണൽ പ്രൈസിംഗ് അതോറിട്ടി വ്യാപാര ലാഭവിഹിതം മുപ്പത് ശതമാനമായി നിജപ്പെടുത്തിയതോടെ 137 ക്യാൻസർ മരുന്നുകൾക്ക് വില കുറയുമെങ്കിലും പേറ്റന്റുള്ള വിലകൂടിയ 65ക്യാൻസർ മരുന്നുകൾക്ക് ലക്ഷങ്ങൾ നൽകേണ്ടിവരും. ഇവയെ വില കുറയുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.ഒന്നു മുതൽ നാലുലക്ഷം വരെയാണ് ഇവയുടെ വില. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ക്യാൻസർ ജനറിക് മരുന്നുകളുടെ വില 70മുതൽ 93ശതമാനം വരെ കുറയുമ്പോൾ പ്രതിവർഷം 2250 കോടിരൂപയുടെ പ്രയോജനം രോഗികൾക്കുണ്ടാകും. വിലകൂടിയ 65 പേറ്റൻറ്റ് ക്യാൻസർ മരുന്നുകൾ കൂടി പട്ടികയിൽ വന്നിരുന്നെങ്കിൽ 2500 കോടിയുടെ ലാഭം കൂടി രോഗികൾക്കുണ്ടാകുമായിരുന്നു. അതേസമയം, 137 മരുന്നുകളിൽ 27എണ്ണത്തിന്റെയും പുതുക്കിയ വില ഒക്ടോബർ 27വരെ കമ്പനികൾ സമർപ്പിച്ച വില പട്ടികയിൽ പ്രതിഫലിച്ചിട്ടില്ല. ഇവയിൽ അബെമാസിക്ലിബ്, കാബോസാന്റിനിബ്, ഡബ്രാഫെനിബ്, ലാസെർട്ടിനിബ്, സെൽപെർകാറ്റിനിബ്, സോട്ടോറാസിബ്, വെമുറഫെനിബ് എന്നിവ ഉൾപ്പെടുന്നു.
വിലയിൽ മാറ്റമില്ലാത്തവ
(65 ബ്രാൻഡഡ് ലിസ്റ്റിൽ ഉൾപ്പെടുന്നത്)
മനുഷ്യ മോണോക്ലോണൽ ആന്റിബോഡി ഇഞ്ചക്ഷനുകളായ കീട്രൂഡ (Keytruda) പെംബ്രോലിസുമാബ് 100 എം.ജി - വില 2,16,500 രൂപ
ഇംജുഡോ (Imjudo) ട്രെമെലിമുമാബ് 300 എം.ജി - വില 4,17,522 രൂപ
വൃക്ക ക്യാൻസറിനുള്ള ഓപ്ഡിറ്റ (Opdyta) നിവോലുമാബ് 100എം.ജി - വില 1,09,450 രൂപ
ശ്വാസകോശ അർബുദ ചികിത്സയിൽ ഉപയോഗിക്കുന്ന ടാഗ്രിസ്സോ (Tagrisso) ഓസിമെർട്ടിനിബ്, അവാസ്റ്റിൻ (Avastin) ബെവാസിസുമാബ് 400 എം.ജി - വില ഏകദേശം 1.24 ലക്ഷം രൂപ
വിലകുറയുന്നവയിൽ
പ്രധാനപ്പെട്ടവ
(പഴയ വില - പുതുക്കിയ വില)
പാൽബോസിസ്ലിബ് 100 എം.ജി
(ഹോർമോൺ തെറാപ്പി) ........................24,505................ 2,068
ഒലാപാരിബ് 30 ടാബ്ലറ്റ്...........................15,398 ................2,695
അലാസിറ്റൈഡിൻ
(കീമോതെറാപ്പി) ........................................... 6,337..............1,495.04
അനാസ്ട്രോസോൾ 1 എം.ജി ..................695 ...................76
സൂനീടിനിബ് ക്യാപ്സ്യുൾ..............................889.................285.69
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |