
കൊച്ചി: ലോകമെമ്പാടും തിരുപ്പിറവി ആഘോഷിക്കുമ്പോൾ, വൈദ്യശാസ്ത്ര മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഹൃദ്രോഗ ചികിത്സയിലൂടെ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്കു തിരികെയെത്തി. കേവലം 935 ഗ്രാം ഭാരവുമായി പിറന്ന തൃശൂർ കാഞ്ഞാണി സ്വദേശികളായ നീതുവിന്റെയും ജസ്റ്റിന്റെയും മകളായ അയ മേരി ജസ്റ്റിനാണ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവൻ ലഭിച്ചത്.
ടെട്രോളജി ഒഫ് ഫാലോ വിത്ത് പൾമണറി അട്രീഷ്യ എന്ന ഗുരുതരമായ ഹൃദ്രോഗവുമായാണ് കുഞ്ഞ് ജനിച്ചത്. ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പൾമണറി ആർട്ടറി തന്നെ ഇല്ലായിരുന്നു. ശരീരത്തിലെ രക്ത ശുദ്ധീകരണത്തിന് തടസമായതോടെ കുഞ്ഞ് ഗുരുതരാവസ്ഥയിലായി.
ഭാരം കുറഞ്ഞത് വെല്ലുവിളിയായി
അയോർട്ടയും ശ്വാസകോശവുമായി ബന്ധിപ്പിക്കുന്ന രക്തധമനി സെന്റ് ഇട്ട് തുറക്കുകയായിരുന്നു പ്രതിവിധി. ഭാരം കുറഞ്ഞ കുഞ്ഞിൽ ഈ ചികിത്സാരീതി വിജയിച്ചിട്ടില്ല. ഇതിനാൽ പ്രോസ്റ്റാഗ്ലാന്റിൻ എന്ന ഇഞ്ചക്ഷൻ നൽകി ചികിത്സിക്കാൻ മെഡിക്കൽ സംഘം തീരുമാനിച്ചു.
തുടക്കത്തിൽ കുഞ്ഞ് ചികിത്സയോട് നല്ല രീതിയിൽ പ്രതികരിച്ചു. പോകപോകെ രക്തത്തിൽ ഓക്‌സിജന്റെ ആളവ് ക്രമാതീതമായി കുറഞ്ഞു. ഒടുവിൽ അത്യന്തം വെല്ലുവിളി നിറഞ്ഞ പി.ഡി.എ. സെന്റിംഗുമായി മുന്നോട്ട് പോകുവാൻ തീരുമാനിക്കുകയായിരുന്നു. സ്റ്റെന്റ് ഇട്ടതിനുശേഷം കുഞ്ഞിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് സാധാരണ നിലയിലായി. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ലിസി അശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്താണ് കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്.
സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ഹൃദ്രോഗ ചികിത്സ നടത്തിയത്.ലിസി ആശുപത്രിയിലെ പീഡിയാട്രിക്ക് കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്.ആർ. അനിലിന്റെ നേത്യത്വത്തിലായിരുന്നു ചികിത്സ. ഡോ. ജെന്നു റോസ് ജോസ്, ഡോ.ജഗൻ വി. ജോസ്, ഡോ. ശ്രീശങ്കർ, ഡോ. ബർഷ സെൻ, ഡോ. ശ്രീജിത്ത്, കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. സാജൻ കോശി എന്നിവർ ചികിത്സയിൽ പങ്കാളികളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |