SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

സായാഹ്നങ്ങൾ ചെലവിടാൻ ഇടം തേടി വയോജനങ്ങൾ

y

തൃപ്പൂണിത്തുറ: കൊച്ചി വയോജന സൗഹൃദ നഗരമായി തിളങ്ങി നിൽക്കുമ്പോഴും തൊട്ടടുത്തുള്ള തൃപ്പൂണിത്തുറ നഗരസഭ വയോജനങ്ങളുടെ അവകാശങ്ങളോടടക്കം മുഖം തിരിക്കുകയാണ്. 2024-25 ലെ നഗരസഭാ ബഡ്ജറ്റിൽ മൂന്ന് ഇടങ്ങളിൽ പകൽവീടുകൾ, അഞ്ച് കേന്ദ്രങ്ങളിൽ ചിയർ ക്ലബുകൾ എന്നിവ സ്ഥാപിക്കാനും 65 കഴിഞ്ഞവർക്ക് പോഷകാഹാര കിറ്റുകൾ നൽകാനും പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. പദ്ധതിക്ക് ആദ്യഘട്ടമായി 25 ലക്ഷം രൂപയാണ് വകയിരുത്തിയത്. തണ്ണീർച്ചാൽ പാർക്കിലെ പകൽവീട് കൊവിഡിന് ശേഷം പ്രവർത്തിച്ചിട്ടില്ല.

തൃപ്പൂണിത്തുറയിലെ ആസാദ് പാർക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമാനമായി പോലെ സാംസ്കാരിക പരിപാടികൾ നടത്താനും വയോജന സൗഹൃദമാക്കിയും വികസിപ്പിച്ചെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇരുമ്പുപാലത്തിന് സമീപം പൂർണാ നദിക്കരയിലും നല്ലൊരു പാർക്കിന് സാദ്ധ്യതയുണ്ട്. ഇളമനജെട്ടിയും പാർക്കിന് അനുയോജ്യമാണ്. പൊലീസ് സ്റ്റേഷന് എതിർവശം അന്ധകാരത്തോടിന്റെ വടക്കുവശത്ത് ഒഴിഞ്ഞു കിടക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ 20 ഓളം സെന്റ് സ്ഥലം വയോജന പാർക്കിന് ഉചിതമാണന്നും നാട്ടുകാർ പറയുന്നു.

 ഇരുട്ടിലായി സീനിയർ സിറ്റിസൺസ് പാർക്ക്

ചക്കംകുളങ്ങര ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് റോഡിന്റെ മൂലയിൽ നിർമ്മിച്ചിട്ടുള്ള സീനിയർ സിറ്റിസൺസ് പാർക്ക് ഇന്ന് നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ ഒരു മാസമായി തെരുവു വിളക്ക് പണി മുടക്കിയതോടെ ഇവിടം ഇരുട്ടിലാണ്. വൈകുന്നേരങ്ങളിൽ നിരവധി വയോജനങ്ങളാണ് സായാഹ്നം ചെലവിടാൻ ഇവിടെയെത്തുന്നത്. 35 ഓളം ആളുകൾ പ്രതിദിനമെത്തും. വീടുകളിൽ നിന്ന് ഭക്ഷണം തയ്യാറാക്കി ഒരോ അംഗങ്ങളും പാർക്കിലെത്തും. തെരുവ് വിളക്ക് മിഴിയടച്ചതോടെ ഇതും മുടങ്ങി. ഒരു വർഷം മുമ്പ് തകർന്ന കോൺക്രീറ്റ് ബഞ്ചും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. പാർക്കിന്റെ ശുചീകരണം ജീവനക്കാർക്ക് തോന്നുമ്പോൾ മാത്രമാണെന്ന് നാട്ടുകാർ പറയുന്നു. പാർക്കിന്റെ ശോച്യനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വയോജനങ്ങൾ പുതുവത്സര ദിനത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.

ചക്കംകുളങ്ങര സീനിയർ സിറ്റിസൺസ് പാർക്കിൽ വഴിവിളക്കുകളെ ആശ്രയിച്ചാണ് വൈകുന്നേരങ്ങളിലെ ഒത്തുകൂടൽ. ഇവിടെ സ്റ്റീൽ ബഞ്ചുകൾ, കുടിവെള്ളത്തിനുള്ള ടാപ്പ്, ലൈറ്റ് എന്നിവ സ്ഥാപിക്കണം. മേൽക്കൂരയില്ലാത്തതിനാൽ മഴ ദിവസങ്ങളിൽ എത്താൻ കഴിയുന്നില്ല.

ശിവൻകുട്ടി ബി. നായർ

റിട്ട. അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ്

കുണ്ടറ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL