SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

കാട്ടാന പ്രതിഷേധം: 15 പേർക്ക് സമൻസ്

elephant

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറുന്നു. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് 15 പേർക്ക് സമൻസ് ലഭിച്ചപ്പോഴാണ് തങ്ങൾക്കെതിരെ കേസ് നിലനിൽക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. കഴിഞ്ഞ വർഷം ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം. കൂലാഞ്ഞിയിൽ പത്രോസിന്റെ പുരയിടത്തിലെ കുടിവെളള കിണറിലാണ് കാട്ടുകൊമ്പൻ വീണത്. അർദ്ധരാത്രി ചക്ക പറിക്കാനെത്തിയതായിരുന്നു ആന. കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്ന് പതിവായുള്ള ആന ശല്യത്തിനെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള അവസരമായി നാട്ടുകാരിതിനെ കണ്ടു.

ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ ആനയെ കരക്കു കയറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. രണ്ട് എം.എൽ.എ. മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളിൽ ധാരണ ഉണ്ടായി.

മയക്കുവെടിവച്ച് പിടികൂടുന്നതിന് പകരം കിണർ ഇടിച്ച് ആനയെ പ്ലാന്റേഷനിലേക്കുതന്നെ കടത്തിവിടുകയാണ് ചെയ്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് നാട്ടുകാരെ അകറ്റി നിറുത്തിയ ശേഷമായിരുന്നു നടപടി.കുടിവെള്ള കിണർ പുനർ നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനം ഒൻപതുമാസമായിട്ടും പാലിക്കപ്പെട്ടിട്ടില്ല.

 മൂന്ന് വകുപ്പിൽ കേസ്

നിരോധനാജ്ഞ ലംഘിച്ചുവെന്നതുൾപ്പടെ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ആനയെ മയക്കുവെടി വച്ച് പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വനം വകുപ്പിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജനപ്രതിധികളും സ്വീകരിച്ചത്. രക്ഷപ്പെടുത്തി വിട്ട കൊമ്പൻ ഇപ്പോഴും നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് തുടരുകയാണ്.

പ്രതിഷേധക്കാരുടെ ആവശ്യം

1.ആന ശല്യം തടയാൻ ശാശ്വത നടപടി വേണം.

2. നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവാക്കിയ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റുക.

3. നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന കുടിവെള്ള കിണറിന്റെ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കുക

പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ നിയമനടപടികളുണ്ടാകില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നു

ജുവൽ ജൂഡി

പ്രതിപട്ടികയിലുള്ള പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL