കോലഞ്ചേരി: പട്ടിമറ്റം ചെങ്ങരയിൽ വൃദ്ധ ഭക്ഷണം നൽകി പരിപാലിച്ച തെരുവു നായയെ കരിങ്കല്ലിനിടിച്ച് ക്രൂരമായി കൊന്ന സംഭവത്തിൽ മൃഗസംരക്ഷണ സംഘടനയുടെ പരാതിയിൽ ചെങ്ങര നെടിയൻ മത്തായിക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു.
വൃദ്ധ പതിവായി ഭക്ഷണം നൽകുന്നതാണ് മത്തായിയെ പ്രകോപിപ്പിച്ചത്. ഭക്ഷണം കഴിക്കാനെത്തുന്ന നായ കഴിച്ച ശേഷം മടങ്ങുകയാണ് പതിവ്. കഴിഞ്ഞ 21 ന് ഭക്ഷണം കഴിച്ച ശേഷം ഇവരുടെ വീടിന് പുറത്തേക്കിറങ്ങിയ നായയെ വലിയ കരിങ്കല്ല് തലയിലേയ്ക്ക് എടുത്തിട്ട് അക്രമിച്ചു. കൂടാതെ മരണം ഉറപ്പാക്കാൻ വടി കൊണ്ട് അടിച്ചു.
നായയുടെ കരച്ചിൽ കേട്ടെത്തിയ വൃദ്ധ അടി തടയാൻ ശ്രമിച്ചതോടെ വൃദ്ധയെയും ഇയാൾ അക്രമിച്ചതായി പരാതിയിൽ പറയുന്നു. നായയെ കൊന്ന പോലെ വൃദ്ധയെയും കൊലപ്പെടത്തുമെന്ന് ആക്രോശിച്ചാണ് അയാൾ മടങ്ങിയത്. നായ ചത്തെന്ന് കരുതി മത്തായി തിരിച്ചു പോയി. ഗുരുതരാവസ്ഥയിലായ നായയെ പിന്നീട് കാണാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിൽ വൃദ്ധയുടെ വീട്ടിലെത്തിയ നായ പിന്നീട് ചത്തു.
സംഭവമറിഞ്ഞ് വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി സംഘടന വിഷയമേറ്റെടുക്കുകയും പരാതി നൽകുകയുമായിരുന്നു. നായയെ പോസ്റ്റ് മോർട്ടം ചെയ്ത ശേഷമാണ് പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |