SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

ചിത്രങ്ങളുടെ മായാലോകം തീർത്ത് സ്വപ്നയും സുനിതയും

drawing

കൊച്ചി: കാലുകൾ ഉപയോഗിച്ച് സ്വപ്നയും വായിൽ ബ്രഷ് മുറുകെ പിടിച്ച് സുനിതയും തീർക്കുന്ന ചിത്രങ്ങൾക്ക് വിധിയുടെ മുന്നിൽ തളർന്ന് കൊടുക്കാൻ മനസില്ലാത്ത രണ്ടു പേരുടെ നിശ്ചയദാർഢ്യത്തിന്റെ കൂടി കഥ പറയാനുണ്ട്. ശാരീരിക പരിമിതികളെ തോൽപ്പിച്ച് നിറങ്ങളുടെ ലോകത്ത് ചിത്രങ്ങളുടെ മായാലോകം തീർക്കുകയാണ് ഇരുവരും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച അംഗപരിമിതിയുള്ളവർ നിർമ്മിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന എബിലിറ്റീസ് ഇന്ത്യാ എക്സ്പോയിൽ ഇവരുടെ ചിത്രങ്ങൾ കാണാൻ വൻ തിരക്കാണ്.

എക്സ്പോയുടെ ആദ്യ ദിവസം തന്നെ ഇരുവരുടെയും ചിത്രങ്ങൾ കാണികളെ ആകർഷിച്ചു. ഇരുവരുടെയും ചിത്ര ശേഖരണത്തിൽ കൂടുതലും പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്.

പ്രകൃതിഭംഗിയും, മനുഷ്യ വികാരങ്ങളും, കഥകളിയും, പക്ഷികളും, മൃഗങ്ങളും എല്ലാം ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓയിൽ പെയിന്റിംഗിലും വാട്ടർ കളറിലും എണ്ണച്ചായത്തിലും അക്രിലിക് കളറിലും വർണ്ണാഭമായി തീർത്ത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനത്തിലുള്ള 50-ഓളം ചിത്രങ്ങളുടെ വിൽപ്പനയും നടക്കുന്നുണ്ട്.

 ചിത്രങ്ങളുടെ ലോകത്ത്

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിനിയായ സുനിതയ്ക്ക് കൈകൾക്ക് സ്വാധീനമില്ല. വീൽചെയറിലാണെങ്കിലും തന്റെ ജീവിതവും അനുഭവങ്ങളും വായ്കൊണ്ട് തൂലികയുടെ ക്യാൻവാസിൽ പകർത്തി ജീവിത പ്രയാസങ്ങളെ തരണം ചെയ്യുകയാണ് സുനിത. ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ സുനിത ചിത്രങ്ങൾ കൂടാതെ കഥകളും കവിതകളും എഴുതുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടെ 4000-ത്തോളം ചിത്രങ്ങൾ വരച്ചു.

എറണാകുളം കോതമംഗലം സ്വദേശിയായ സ്വപ്ന അഗസ്റ്റിൻ കുട്ടിക്കാലം മുതൽക്കേ ചിത്രങ്ങൾ വരച്ചു തുടങ്ങി. ഇരുകൈകളും ഇല്ലാത്ത സ്വപ്ന 3, 4 വയസായപ്പോൾ കാൽ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. എല്ലാവരും വരക്കുന്നപോലെ വീടും മരങ്ങളും മലനിരകളുമൊക്കെയായിരുന്നു ആദ്യം. ചങ്ങനാശേരിയിലുള്ള സ്പെഷ്യൽ സ്കൂളിലാണ് പഠനം. ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ ഡിഗ്രി പഠനത്തിനുശേഷമാണ് മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് അസോസിയേഷനിൽ ചേരുന്നത്. കലാഗ്രാമത്തിൽ നിന്നും ചിത്രകല പഠിച്ചു. എറണാകുളം ദർബാർ ഹാളിൽ നടന്ന പ്രദർശനത്തിലൂടെയാണ് എക്സിബിഷന്റെ തുടക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL