SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

കരയ്ക്ക് സമാനം കായലും,​ ബണ്ടിലെ അവസ്ഥ ഭീകരം !

p

കൊച്ചി: ഒരാൾ പൊക്കത്തിന് മുകളിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ, ചെറു തെങ്ങിനേക്കാൾ നീളമുള്ള ഇരുമ്പ് തൂണുകൾ, പൈലിംഗിന് ഉപയോഗിച്ച കമ്പികൾ, ഇതിനെല്ലാം സമീപത്ത് അടിഞ്ഞുറഞ്ഞ് മണ്ണും ചെളിയും, റോഡിൽ നിന്ന് തൂണുകൾ വരെ മണ്ണിലൂടെ നടന്ന് പോകാവുന്ന അവസ്ഥ....

കേരളകൗമുദി വാർത്താ സംഘം രണ്ടു മണിക്കൂറെടുത്ത് ബോട്ടിൽ വടുതല ബണ്ടിനു സമീപ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ ദൃശ്യമായ കായലിന്റെ ദയനീയാവസ്ഥയാണിത്.

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള റെയിൽവേ മേൽപാലം തീർക്കാൻ വടുതലയിൽ തീർത്ത താത്കാലിക ബണ്ടിനു സമീപത്തെ അതിദയനീയ കാഴ്ച. കൊതുമ്പുവള്ളം പോലും മണ്ണിലും ചെളിയും പുതഞ്ഞു പോകും.

റെയിൽ വികാസ് നിഗം ലിമിറ്റഡ് വഴി അഫ്‌കോൺസ് തീർത്ത 40 മീറ്റർ ഇടവിട്ടുള്ള 20 തൂണുകളിൽ 18 എണ്ണത്തിലും മണ്ണും ചെളിയും കോൺക്രീറ്റ്, ഇരുമ്പ് അവശിഷ്ടങ്ങളും നിറഞ്ഞ് കിടക്കുന്നു. പത്ത് മീറ്ററോളം ഉയരമുള്ള ഇരുമ്പ് തൂണുകളാണ് അടിഞ്ഞു കിടക്കുന്നത്. വെള്ളമൊഴുക്ക് നിലച്ച് മണ്ണടിഞ്ഞ ഇടങ്ങളിലെ തൂണുകളിലേക്ക് പോലും കണ്ടലും മറ്റ് ചെറു വൃക്ഷങ്ങളും പടർന്നുകയറിയിട്ടുണ്ട്.

മണ്ണും ചെളിയും മാറ്റാൻ പല വഴികൾ

ബണ്ടിൽ അടിഞ്ഞിട്ടുള്ള 25,15,670 ഘനയടി മണ്ണും ചെളിയും നാഷണൽ ഹൈവേ 66 ന്റെ നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന നിർദ്ദേശം വരെ എത്തി നിൽക്കുയാണ്. എൻ.എച്ച്.എ.ഐ അധികൃതർ ഇത് ഒരു പരിധി വരെ അംഗീകരിച്ചിരുന്നതുമാണ്. എന്നാൽ മണ്ണ് പരിശോധനയിൽ പാളിയെന്നാണ് അവരുടെ റിപ്പോർട്ട്. ഇതോടെ വീണ്ടും വിഷയം ചർച്ചയായി. ബണ്ടിനു സമീപത്തു തന്നെ ആൾത്താമസമില്ലാത്ത ദ്വീപുകൾ ഒന്നിലേറെയുണ്ടെന്നും ഇവിടങ്ങളിലേക്ക് മാറ്റാനാകുമെന്നും പ്രദേശവാസികളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും പറയുന്നു. പട്ടയ- കൈവശാവകാശ ഭൂമിയായ ഈ ചെറു ദ്വീപുകളിലും സമീപത്ത് ഉപയോഗ ശൂന്യമായ ചെമ്മീൻ കെട്ടുകളിലേക്കും ഇവ നിക്ഷേപിക്കാനാകും.

സ്വാസിന്റെ നിയമ പോരാട്ടം

2010-11 മുതൽ ബണ്ട് സംബന്ധിച്ച കേസ് നിലവിലുണ്ടെങ്കിലും 2020 മുതൽ സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്) ഇടപെട്ടതോടെയാണ് പ്രശ്‌നം സജീവമാകുന്നത്. 2018, 19 കാലത്ത് ബണ്ടിനു സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനു പിന്നാലെയാണ് സ്വാസ് പ്രശ്നത്തിലിടപ്പെട്ടത്. തുടർന്ന് അഞ്ച് വർഷത്തിലേറെയായി നിയമ പോരാട്ടത്തിലാണ്.

താത്കാലിക ബണ്ട് മൂലം അടഞ്ഞത്

വടുതല ഡോൺ ബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെ - ആകെയുള്ള 850ൽ 750 മീറ്റർ

ഡി കൊച്ചിൻ ദ്വീപ് മുതൽ മുളവുകാട് വരെ - ആകെയുള്ള 650ൽ 550 മീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VADUTHALA BUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL