
കൊച്ചി: ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് ശക്തമായ പോരാട്ടമുറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. മികച്ച കളക്ടർക്കുള്ള സംസ്ഥാനതല പുരസ്കാരം നേടിയ ശേഷം എറണാകുളം പ്രസ്ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കു മരുന്നിനെതിരെ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കും. വേനലവധിക്ക് മുന്നേ തുടക്കം കുറിക്കും. ബ്രാൻഡ് അംബാസിഡറെയും നിയോഗിക്കും. ആരോഗ്യ വകുപ്പ്, കൗൺസിലർമാർ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും.
മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും വിതരണം തടയാൻ മികച്ച പ്രവർത്തനമാണ് പൊലീസ്, എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ്ഗാർഡ് തുടങ്ങിയവ നടത്തുന്നതെന്നും കളക്ടർ പറഞ്ഞു.
കൊറിയർ വഴി മയക്കുമരുന്നിന്റെ വരവ് അനിയന്ത്രിതമായിട്ടുണ്ട്. ഇത് തടയാൻ കൊറിയർ ഏജൻസികളുമായി ചർച്ച നടത്തും.
പ്രശ്നങ്ങളും പരിഹാരങ്ങളും
വേലിയേറ്റം
എടവനക്കാട് വീരൻ പുഴയിലേതുൾപ്പടെ ഡ്രഡ്ജിംഗ് വേഗത്തിൽ തീർക്കും. താന്തോണിത്തുരുത്ത് ബണ്ട് നിർമ്മാണം, ഇടക്കൊച്ചിയിൽ 4.86 കോടിയുടെ ജോലികൾ എന്നിവ ഉടൻ തുടങ്ങും. വെള്ളം കയറുന്നയിടങ്ങളിൽ അടിയന്തര സഹായം വേണ്ടവരോട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
മെട്രോ
മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം 2026ൽ തന്നെ തീർക്കാനാകും. അദാനി ഗ്യാസിന്റെ പൈപ്പുകൾ പലയിടത്തും ഉണ്ടായിരുന്നതാണ് പ്രാരംഭ ഘട്ടത്തിൽ തടസമായത്. ഇത് നീക്കാൻആവശ്യപ്പെട്ടിട്ടുണ്ട്.
ചൂരക്കാട് വെടിക്കെട്ട് അപകടത്തിലെ നഷ്ടപരിഹാരം നൽകുന്ന നടപടികൾ വേഗത്തിലാക്കും.
100ലേറെ സ്ഥലങ്ങളിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ മേയിന് മുന്നേ തീർക്കും.
ചന്ദേർ കുഞ്ച് ഫ്ളാറ്റ്
ചന്ദേർ കുഞ്ച് ഫ്ളാറ്റ് പ്രശ്നത്തിൽ വളരെ വേഗത്തിൽ നടപടി പൂർത്തീകരിക്കും. ഫ്ളാറ്റ് പൊളിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനുമായി 175 കോടിയാണുള്ളത്. താമസക്കാർക്കുള്ള വാടക 23,000എന്നത് അവർ അംഗീകരിക്കുന്നില്ല.
ബ്രഹ്മപുരം
ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായി. ബി.പി.സി.എൽ പ്ലാന്റ് വരുന്നതോടെ പ്രശ്നത്തിന് ശ്വാശത പരിഹാരം.
വെള്ളക്കെട്ട്
ഹൈക്കോടതി ജംഗ്ഷനിലെ വെള്ളക്കെട്ട് മേയ് മാസത്തിനു മുന്നേ പരിഹരിക്കാൻ 4.5 കോടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ
ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലെ പ്രധാന പ്രശ്നം മുല്ലശേരി കനാലാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും മാൻഹോളുകളുമായിരുന്നു പ്രശ്നം. 140 മീറ്ററിലെ നിർമ്മാണം കൂടി മാത്രമാണ് ബാക്കി. ഇനി ദിവസവും നാല് മീറ്റർ വീതം നിർമ്മാണം പൂർത്തീകരിക്കണം. മേയ് മാസത്തിനുള്ളിൽ നിർമ്മാണം തീർത്തില്ലെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തും.
സീപോർട്ട് എയർപോർട്ട് റോഡ്
സീപോർട്ട് എയർപോർട്ട് റോഡ് വികസന പ്രവർത്തനങ്ങളിൽ നാല് വില്ലേജിൽ കൂടി സ്ഥലം ഏറ്റെടുക്കൽ ബാക്കിയുണ്ട്. മാർച്ച് 31നകം ആർ.ബി.ഡി.സികെക്ക് സ്ഥലം കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |