SignIn
Kerala Kaumudi Online
Saturday, 30 May 2026 11.49 PM IST

പൊട്ടിപ്പൊളിഞ്ഞ് ജിയോബാഗുകൾ, മഴപ്പേടിയിൽ തീരദേശം

rough-sea

കടൽകയറ്റത്തിന് സാദ്ധ്യത

കൊച്ചി: മഴ ശക്തമായതോടെ ചെല്ലാനം,​ കണ്ണമാലി നിവാസികൾ കടലാക്രമണ ഭീതിയിൽ. പലയിടങ്ങളിലും ജിയോബാഗുകൾ സ്ഥാപിക്കാത്തതും, കടൽഭിത്തി തകർന്നതും ഭീഷണിയാണ്. ചിലയിടങ്ങളിൽ ജിയോബാഗുകൾ പൊട്ടിപ്പൊളിഞ്ഞു. വേനൽമഴയ്ക്കു പിന്നാലെ കാലവർഷം എത്തുന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമോയെന്നാണ് ആശങ്ക. നാളെ വെളുത്തവാവ് ആയതിനാൽ കടൽകയറ്റമുണ്ടായേക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ന്യൂനമർദ്ദം, കാറ്റ്, കാറ്റിന്റെയും ഒഴുക്കിന്റെയും ദിശ, വെള്ളത്തിന്റെ സാന്ദ്രത തുടങ്ങിയവ ആശ്രയിച്ചാണ് തീവ്രമാകുക. സാധാരണ, വാവ് മുതൽ എട്ടാംദിവസത്തെ അഷ്ടമിവരെയാണ് കടൽകയറ്റം. മഴ ശക്തമാകുമ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നില്ലെന്നാണ് പരാതി.

ചെറിയകടവ് ഡിവൈൻ ചാപ്പലിന്റെയും കണ്ണമാലി ശ്രീരാമക്ഷേത്രത്തിന്റെയും സമീപവും, മൂർത്തി അമ്പലത്തിന് വടക്കോട്ടും, കമ്പനിപ്പടിയിലും ജിയോബാഗുകൾ സ്ഥാപിച്ചിട്ടില്ല. കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് തീരക്കടലിൽ നിക്ഷേപിച്ചാൽ ഒരുപരിധിവരെ കടലാക്രമണം തടയാനാകും. തിരയുടെ ശക്തി കുറയുക മാത്രമല്ല, മത്സ്യലഭ്യതകൂടുകയും ചെയ്യും.

ന്യൂനമർദ്ദവും കാറ്റും ഇല്ലാതിരുന്നതിനാൽ കഴിഞ്ഞവർഷം കടലാക്രമണം രൂക്ഷമായില്ല. ചെറിയതോതിൽ വെള്ളം കയറിയാൽ പോലും വലിയ നാശനഷ്ടമുണ്ടാകും. വീട്ടുസാധനങ്ങൾ നശിക്കുകയും ഭിത്തിയും തറയും വിണ്ടുകീറുകയും ചെയ്യും.
വാവുദിവസം രാവിലെ 10 മുതൽ കടൽ കയറാം. ഉച്ചയ്ക്ക് 12.15ന് വേലിയേറ്റം പൂർണമാകും. ഒരോ ദിവസവും വേലിയേറ്റം 40 മിനിറ്റ് വീതം വൈകും. രാത്രിവേലിയേറ്റം 20 മിനിറ്റ് വീതവും.

2026ലെ കാലവർഷ വാവുകൾ


വെളുത്തവാവ്: 31, ജൂൺ 29, ജൂലായ് 29, ആഗസ്റ്റ് 28
കറുത്തവാവ്: ജൂൺ 15, ജൂലായ് 14, ആഗസ്റ്റ് 12

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL