
കൊച്ചി: ഡെങ്കിപ്പനിയടക്കം പടരുന്നതിൽ വീടുകളിലെ ചെടിച്ചട്ടികളും അവയുടെ അടിയിൽ വെള്ളം കെട്ടിനിൽക്കാൻ ഉപയോഗിക്കുന്ന സോസർ ട്രേകളും വില്ലന്മാരെന്ന് ആരോഗ്യ പ്രവർത്തകർ. കൊതുകിന്റെ കൂത്താടികളുടെ പ്രധാന ഉറവിടമായ സോസർ ട്രേകൾ ഒഴിവാക്കണം. മണിപ്ലാന്റ് ഉൾപ്പെടെയുള്ള ഇൻഡോർ പ്ലാന്റുകളും വീട്ടുപരിസരത്തെ പുല്ലുകളും കൊതുകുകൾ പെരുകാൻ കാരണമാണ്.
മഴക്കാലരോഗങ്ങൾ തടയാനുള്ള ക്യാമ്പെയിന്റെ ഭാഗമായി ജില്ലയിലെ വീടുകൾ കേന്ദ്രീകരിച്ച് ഡ്രൈ ഡേ ആചരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം പുതുക്കലവട്ടത്ത് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന നിർവഹിച്ചു.
ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ലഘുലേഖകൾ വിതരണം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം. എം. ഹനീഷ് നേതൃത്വം നൽകി. ഡോ. ആൻ ജോസഫ്,സാന്ദ്ര സുരേഷ്, ദിൽഷ റോച്ച, വി. എ. മിനമോൾ തുടങ്ങിയവർ പങ്കെടുത്തു.
ചട്ടികളിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റുകയോ, ചെടികൾ മണ്ണിലേക്ക് മാറ്റി വളർത്തുകയോ വേണം.
ടെറസിന്റെ പാത്തികൾ, വീട്ടുപരിസരത്തെ പാഴ് വസ്തുക്കൾ, പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണം
പകർച്ചവ്യാധികൾ തടയാൻ പരിസരം വൃത്തിയായി സൂക്ഷിക്കണം.
വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ ഓഫീസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |