SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.20 AM IST

നെല്ലാട് ജംഗ്ഷനിൽ വേണം ട്രാഫിക് സിഗ്നൽ, ഗതാഗതക്കുരുക്ക് രൂക്ഷം

tra

കോലഞ്ചേരി: കിഴക്കമ്പലം - നെല്ലാട് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതോടെ നെല്ലാട് ജംഗ്ഷനിൽ വാഹനത്തിരക്കേറി. പ്രധാന റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ നെല്ലാടുവഴി സഞ്ചരിക്കാൻ തുടങ്ങിയതോടെ രാവിലെയും വൈകിട്ടും ജംഗ്ഷൻ കടക്കുക ദുഷ്കരമായി. അപകടങ്ങളും ഗതാഗതക്കുരുക്കും വർദ്ധിക്കുന്ന സാഹചര്യത്തിൽ നെല്ലാട് കവലയിൽ ട്രാഫിക് സിഗ്നൽ ഉൾപ്പെടെയുള്ള ശാസ്ത്രീയ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാഹനത്തിരക്ക് ഇരട്ടിയായി

കിഴക്കമ്പലം - നെല്ലാട് റോഡ് ഉന്നതനിലവാരത്തിൽ നവീകരിച്ചതോടെ എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ, ഹൈറേഞ്ച് മേഖലകളിലേക്കുള്ള വാഹനങ്ങൾ വലിയ തോതിൽ ഈ വഴി ഉപയോഗിക്കാൻ തുടങ്ങി. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ ദൂരക്കൂടുതലും തിരുവാങ്കുളം മേഖലയിലെ ഗതാഗതക്കുരുക്കും ഒഴിവാക്കാനാണ് പലരും നെല്ലാട് റൂട്ടിലേക്ക് മാറിയിരിക്കുന്നത്. വാളകം - മണ്ണൂർ റോഡിലൂടെ എം.സി റോഡിലേക്ക് പോകുന്ന കണ്ടെയ്നർ ലോറികൾ അടക്കമുള്ള ഭാരവാഹനങ്ങളും പെരുമ്പാവൂരിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും ഈ ജംഗ്ഷനെ ആശ്രയിക്കുന്നതോടെ തിരക്ക് ഇരട്ടിയായി.

തേക്കടി - എറണാകുളം സ്റ്റേറ്റ് ഹൈവേയും നെടുമ്പാശേരി - കോട്ടയം ലിങ്ക് റോഡിന്റെ വാളകം - മണ്ണൂർ ഭാഗവും സംഗമിക്കുന്ന പ്രധാനകേന്ദ്രമാണ് നെല്ലാട് ജംഗ്ഷൻ

നെല്ലാട് കവലയിൽ മീഡിയൻ, ട്രാഫിക് ഐലൻഡ്, സിഗ്നൽ സംവിധാനം എന്നിവ ഇല്ലാത്തതിനാൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ തിരിയുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു

റോഡ് ക്രോസ് ചെയ്യാനും ബുദ്ധിമുട്ട്

കവലയുടെ പടിഞ്ഞാറ് ഭാഗത്തെ കയറ്റത്തിൽ അമിതഭാരവുമായി എത്തുന്ന ലോറികളും കണ്ടെയ്നറുകളും പലപ്പോഴും വേഗം കുറയ്ക്കുകയോ നിൽക്കുകയോ ചെയ്യുന്നതോടെ നാല് ദിശകളിലേക്കും വാഹനനിര രൂപപ്പെടുന്നു.

വീതികുറഞ്ഞ വാളകം റോഡിൽ ബസ് സ്റ്റോപ്പ് ജംഗ്ഷനോട് ചേർന്നിരിക്കുന്നതും ഗതാഗതത്തെ ബാധിക്കുന്നു. ബസുകൾ സ്റ്റോപ്പിൽ നിറുത്തുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നതും കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും റോഡ് മുറിച്ചുകടക്കുന്നത് ദുഷ്കരമാക്കുന്നതുമാണ് സ്ഥിതി.

ട്രാഫിക് സിഗ്നൽ, മീഡിയൻ, ട്രാഫിക് ഐലൻഡ്, മുന്നറിയിപ്പ് ബോർഡുകൾ, ബസ് ബേ എന്നിവ ഉൾപ്പെടുന്ന സമഗ്രഗതാഗത നിയന്ത്രണ പദ്ധതി നെല്ലാട് ജംഗ്ഷനിൽ നടപ്പാക്കണം

സി.കെ. വിനോദ് കുമാർ,

പൊതുപ്രവർത്തകൻ, നെല്ലാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL