
കൊച്ചി: വൈറ്റിലയിലെ ചന്ദേർകുഞ്ച് സൈനിക ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനുള്ള ടെൻഡർ ഉറപ്പിച്ചതിൽ 5.3 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം. തിരുപ്പൂർ ആസ്ഥാനമായ ശ്രീകുമരൻ ഡെമോളിഷേഴ്‌സ് കമ്പനിയാണ് ആരോപണം ഉന്നയിച്ചത്. ടെൻഡർ നടപടികളിലെ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് കാട്ടി പി.കെ. യൂണിക് എന്ന കമ്പനി നൽകിയ ഹർജിയിൽ ഫ്‌ളാറ്റ് പൊളിക്കുന്നത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടെൻഡറിൽ പങ്കെടുത്ത മറ്റൊരു കമ്പനി അഴിമതി ആരോപിക്കുന്നത്.
ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങൾ ശാസ്ത്രീയമായി പൊളിക്കാൻ 4.5 കോടി രൂപയുടെ ടെൻഡറാണ് ശ്രീകുമരൻ ഡെമോളിഷേഴ്‌സ് സമർപ്പിച്ചത്. ഏറ്റവും കുറഞ്ഞ തുക പരിഗണിക്കാതെ, 9.8 കോടി രൂപയുടെ ടെൻഡർ നൽകിയ കമ്പനിക്ക് കരാർ നൽകുകയായിരുന്നു. പല കാരണങ്ങൾ കാട്ടിയാണ് ശ്രീകുമരൻ ഡെമോളിഷേഴ്‌സിനെ ഒഴിവാക്കിയത്. ഇതിലൂടെ 5.3 കോടി രൂപയുടെ അഴിമതിക്കാണ് കളമൊരുങ്ങിയതെന്ന് ശ്രീകുമരൻ ഡെമോളിഷേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ പി. പൊൻലിംഗം ആരോപിച്ചു.
രാജ്യത്ത് ഇംപ്ലോഷൻ സാങ്കേതികവിദ്യയുള്ള ഏക കമ്പനിയാണ് തങ്ങളുടേതെന്ന് പി. പൊൻലിംഗം പറഞ്ഞു. കരാർ മാനദണ്ഡങ്ങളിൽ തുടക്കം മുതലേ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. വിദേശ പങ്കാളിത്തമുള്ള മറ്റൊരു കമ്പനിയും ടെൻഡർ നൽകിയിരുന്നു. തങ്ങളേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ വലിയൊരു തുക വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും കോടതി തങ്ങൾക്ക് നീതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |