
കൊച്ചി: കാൽനടയാത്രക്കാർക്കുള്ള പാതകളിൽ കിയോസ്‌കുകളോ കച്ചവടകേന്ദ്രങ്ങളോ പാടില്ലെന്ന് ഹൈക്കോടതി. തടസങ്ങളില്ലാതെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്. കിയോസ്കുകൾ അതിനായി പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ നിർമ്മിക്കാവൂയെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
വാക്ക്‌വേയുടെ വീതി കുറച്ച് കിയോസ്‌കുകൾ നിർമ്മിക്കുന്നത് കാൽനടയാത്രക്കാരുടെ മൗലികാവകാശത്തെ ബാധിക്കുമെന്നു മാത്രമല്ല, അപകടങ്ങൾക്കും കാരണമാകും. കൊച്ചി മറൈൻഡ്രൈവ് ക്വീൻസ് വാക്ക്‌വേയിൽ കിയോസ്‌കുകൾ നിർമ്മിക്കാനോ പ്രവർത്തിപ്പിക്കാനോ പാടില്ല. കിയോസ്‌കുകൾ നിർമ്മിക്കുന്നതിനെതിരെ തൃത്വം അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്.
സ്ട്രീറ്റ് വെൻഡിംഗ് ആക്ട് പ്രകാരം കൊച്ചി നഗരസഭയുടെ നിയമാവലിയിൽ, അയ്യപ്പൻകാവ് ഡിവിഷനിൽ ഉൾപ്പെടുന്ന ഗോശ്രീ-ചാത്യാത്ത് റോഡ് നോ വെൻഡിംഗ് സോണായതിനാൽ കിയോസ്‌കുകളോ കടകളോ സ്ഥാപിക്കാൻ ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്കോ (ജിഡ), നഗരസഭയ്‌ക്കോ അധികാരമില്ല.
കാൽനടയാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാനും കൃത്യമായി പരിപാലിക്കാനും നഗരസഭയ്ക്ക് ബാദ്ധ്യതയുണ്ട്. വാക്കിംഗ് സ്റ്റിക്ക്, ക്രച്ചസ്, വീൽചെയർ തുടങ്ങിയ ഉപയോഗിക്കുന്നവരും ‘പെഡസ്ട്രിയൻ’ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നു. കാൽനടയാത്രക്കാരുടെ സൗകര്യമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടി.
വാണിജ്യലാഭത്തിന്റെ പേരിൽ
അവകാശം നിഷേധിക്കരുത്
കാൽനടയാത്രക്കാരുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെ രൂപകല്പന ചെയ്ത മേഖലകളെ വാണിജ്യ-വ്യാപാര താത്പര്യങ്ങളുടെ പേരിൽ ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞു. ജിഡയും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും ചേർന്നു രൂപകല്പന ചെയ്തതാണ് കായലോരത്തെ ക്വീൻസ് വാക്ക് വേ.
സൈക്കിൾ ട്രാക്ക്, ജോഗിംഗ് ട്രാക്ക്, നടപ്പാത എന്നിവ ലക്ഷ്യമിട്ടായിരുന്നു രൂപകല്പന. ഇതിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഗതാഗതക്കുരുക്കിനും കാരണമാകും.
ഭക്ഷണശാലകൾ ഉൾപ്പെടെ രാജ്യാന്തര സൗകര്യങ്ങൾ ഉറപ്പാക്കി നഗരത്തിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്ന ജിഡ ഉൾപ്പെടെ എതിർകക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |