
ആളൂർ: പ്ലസ് വൺ പ്രവേശനത്തിനായി തയ്യാറെടുക്കുന്നതിനിടെ ആളൂരിനെ നൊമ്പരത്തിലാഴ്ത്തി പതിനഞ്ചുകാരൻ ജുവിൻ വിടവാങ്ങി. ആളൂർ ആനത്തടം പീണിക്കപ്പറമ്പിൽ രാജുവിന്റെയും ബീനയുടെയും മകനാണ്. തൃശൂർ റൂറൽ എ.സി.പി.യുടെ ഡാൻസാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് പിന്നിൽ നിന്ന് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ജൂൺ 15ന് കദളിച്ചിറയ്ക്ക് സമീപം ഇലക്ട്രിക് സ്‌കൂട്ടറിൽ സുഹൃത്തിനൊപ്പം സ്കൂളിൽ നിന്ന് ടി.സി വാങ്ങി മടങ്ങവെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന തയ്യിൽ പ്രദീപിന്റെ മകൻ അനന്തകൃഷ്ണൻ (18) ഗുരുതര പരിക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
കടുത്ത രക്തസ്രാവം മൂലം തലച്ചോറിന്റെ പ്രവർത്തനം നിലച്ച നിലയിലായിരുന്ന ജുവിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴാകുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ജൂനിയ രാജുവാണ് ജുവിന്റെ സഹോദരി.
ജീവന്റെ പുതുവെളിച്ചം
മകന്റെ അപകട വിവരമറിഞ്ഞ് സൗദിയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുന്ന പിതാവ് രാജു നാട്ടിലെത്തിയിരുന്നു. മകൻ തിരികെ വരില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് നൊമ്പരക്കണ്ണീരിനിടയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കൾ തീരുമാനിക്കുകയായിരുന്നു. പാലിയേറ്റീവ് കെയർ അംഗമായ അമ്മ ബീന മരണാനന്തര നേത്രദാന കമ്മിറ്റിയിലെ സജീവ പ്രവർത്തകയാണ്. ക്യാൻസർ രോഗികൾക്ക് ദാനം ചെയ്യാൻ മുടി നീട്ടി വളർത്തുന്നതിനിടെയായിരുന്നു ജുവിന്റെ വിയോഗം.
ജുവിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ കഠിനമായ സാഹചര്യത്തിലും അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച ബന്ധുക്കൾക്ക് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |