
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എൽ കമ്പനിയുടെ ഏലൂർ പുത്തലംകടവിന് സമീപമുള്ള ജലശുദ്ധീകരണ പ്ലാന്റിൽ കവർച്ച നടന്നത് ഒരു വർഷം മുമ്പാണെന്നും അന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണെന്നും കമ്പനിയുടെ ജനറൽ മാനേജർ ഇൻ ചാർജ് സന്തോഷ്. കഴിഞ്ഞ 27 ന് കരാറുകാരൻ പഴയ ഉപകരണങ്ങൾ എടുത്തുമാറ്റാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറം ലോകമറിയുന്നത്. ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടുള്ളത്. 2024ൽ അടച്ചുപൂട്ടിയ കമ്പനിയുടെ പ്ലാന്റ് പൊളിച്ചു മാറ്റുന്ന ജോലികൾ തുടരുകയാണ്. ജലശുദ്ധീകരണ പ്ലാന്റ് പ്രവർത്തിക്കുന്നത് ഏകദേശം 4 കി.മീറ്റർ ദൂരെ ഫാക്ടിന്റെ ഭൂമിയിലാണ്.
കമ്പനി അടച്ചുപൂട്ടിയെങ്കിലും പ്രധാന ഡിപ്പാർട്ടുമെന്റുകളിലെ 5 ഉദ്യോഗസ്ഥർ ഇപ്പൊഴും ജോലിക്ക് വരുന്നുണ്ട്. കവർച്ച നടന്ന പമ്പ് ഹൗസിൽ വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉള്ളതറിയാമായിരുന്നിട്ടും കാവൽ പിൻവലിച്ചതും ഒരു വർഷം മുമ്പ് കവർച്ച നടന്നത് രഹസ്യമാക്കി വെച്ചതും എന്തിനെന്ന ചോദ്യമുയരുന്നുണ്ട്. മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ കഴിഞ്ഞ ദിവസം ഫോണിലൂടെ പരാതി പറഞ്ഞതും വിവാദമായിട്ടുണ്ട്.
മോഷണം പോയവയിൽ ജനൽ മുതൽ ട്രാൻസ്ഫോർമർ വരെ
സ്ഥലം തിരിച്ചു നൽകണമെന്ന് ഫാക്ട് ഒരു വർഷം മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സാധനങ്ങൾ മാറ്റാൻ കരാറുകാരൻ എത്തിയത്. മോഷ്ടാക്കൾ ദിവസങ്ങളോളം താമസിച്ചാണ് കവർച്ച നടത്തിയിട്ടുള്ളത്. കമ്പനി പൂട്ടിയതോടെ സെക്യൂരിറ്റിയും പിൻവലിച്ചിരുന്നു. കമ്പനിക്കകത്തും എച്ച്. ഐ.എൽ. കോളനിയിലും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ കാവലുണ്ട്.
കമ്പനി നൽകിയ ലിസ്റ്റ് പ്രകാരം 40.5 എച്ച്.പി. ശേഷിയുള്ള 6 മോട്ടറുകളിൽ അവശേഷിക്കുന്നത് 2 മോട്ടർ മാത്രമാണ്.
11 കെ.വി. ട്രാൻസ്ഫോമറുകളുടെ പുറം മൂടി മാത്രമാണുള്ളത്.
കേബിളുകളും മുറിച്ചെടുത്തു.
കോളനിയിലെ ക്വാർട്ടേഴ്സുകളിലെ ഫാൻ, ലൈറ്റ്, വാഷ് ബെയ്സിൻ, വാതിലുകൾ, ജനലുകൾ തുടങ്ങിയവ നേരത്തെ തന്നെ കള്ളന്മാർ കൊണ്ടുപോയിരുന്നു. ക്ലബ്ബിലെ വിലപിടിപ്പുള്ള ഉപകരണങ്ങൾ കമ്പനിക്കകത്തേക്ക് മുമ്പേ തന്നെ മാറ്റിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |