
കൊച്ചി: മത്സ്യങ്ങളെയും മറ്റു ജലജീവികളെയും ജീവനോടെ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് വികസിപ്പിച്ച സാങ്കേതികവിദ്യയ്ക്ക് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിക്ക് (സിഫ്‌റ്റ് ) ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ‘നോൺ-സൈക്ലിക് റഫ്രിജറേഷൻ ഉപയോഗിച്ച് ജീവനുള്ള ഗതാഗതത്തിന് ജലജീവികളിൽ ഹൈപ്പോതെർമിക് അനസ്‌തേഷ്യ നൽകുന്നതിനുള്ള ഉപകരണം’ എന്ന കണ്ടുപിടിത്തത്തിനാണ് പേറ്റന്റ് ലഭിച്ചത്.
മത്സ്യങ്ങളെ ഗതാഗതത്തിന് മുമ്പ് രാസവസ്തുക്കൾ ഉപയോഗിക്കാതെ, നിയന്ത്രിത കുറഞ്ഞ താപനിലയിലൂടെ ശാന്തമാക്കുന്നതാണ് സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത. ഓരോ ഇനത്തിനും അനുയോജ്യമായ രീതിയിൽ വെള്ളത്തിന്റെ താപനില ക്രമേണ കുറയ്ക്കുന്നതിനാൽ അപ്രതീക്ഷിത തണുപ്പ് മൂലമുള്ള ആഘാതം ഒഴിവാക്കും. ഗതാഗതസമയത്തെ ജീവൻ നിലനിറുത്തൽ വർദ്ധിപ്പിക്കാനും കഴിയും. നിയന്ത്രിതവും രാസരഹിതവും ഷോക്ക് രഹിതവുമായ തണുപ്പിക്കൽ സംവിധാനമാണ് കണ്ടുപിടിത്തത്തിന്റെ പ്രധാന പുതുമ.
സിഫ്‌റ്റ് നടപ്പാക്കിയ ഡി.എസ്.ടി പിന്തുണയുള്ള പദ്ധതിയിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഡോ. യു, പാർവതി, ഡോ. എസ്. മുരളി, ഡോ. പി.കെ. ബിൻസി, ഡോ. കെ. സതീഷ് കുമാർ, ഡോ. സി.എൻ. രവിശങ്കർ, ജിതിൻ ടി. ജോയ്, വിഷ്ണു ആർ. നായർ എന്നിവരാണ് സാങ്കേതിക വിദ്യയുടെ വികസനത്തിൽ പങ്കാളികളായത്.ജീവനുള്ള മത്സ്യങ്ങളുടെ ഗതാഗതം കർഷകർ, വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവർക്ക് പ്രധാനപ്പെട്ട മേഖലയാണ്. ഗതാഗതത്തിനിടെയുണ്ടാകുന്ന സമ്മർദ്ദവും മരണനിരക്കും വലിയ നഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. പ്രശ്നത്തിന് പ്രായോഗികവും ലളിതവുമായ പരിഹാരമാണ് സിഫ്‌റ്റ് വികസിപ്പിച്ച പേറ്റന്റ് സാങ്കേതികവിദ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |